
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒാപ്പറേഷൻ ട്വിൻസ് വെബ്സൈറ്റ് ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരുടെ വിശദമായ ലിസ്റ്റുമായി വൈറലായി. ഇന്നലെ രാത്രി പൊതുജനങ്ങൾക്കായി തുറന്ന സൈറ്റിൽ നോക്കിയാൽ മതി, വോട്ടർ പട്ടികയിലെ വ്യാജന്മാരെ എല്ലാ തെളിവുകളോടെയും കാണാം.
മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് തരംതിരിച്ച് വെബ്സൈറ്റിൽ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളവർ, ഒരേ വോട്ടർ രണ്ട് മണ്ഡലങ്ങളിലുള്ളവർ, ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിലുള്ളവർ എന്നിങ്ങിനെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഇൗ ലിസ്റ്റ് കാണാം.
ഉദാഹരണത്തിന് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ 7600 പേരാണ് ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളത്. 979 പേർ രണ്ട് മണ്ഡലങ്ങളിലുള്ളവരാണ്. ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിൽ പേരും വോട്ടും ഉള്ളവരുടെ എണ്ണം 4871.ഇങ്ങനെ തിരുവനന്തപുരത്ത് മാത്രം 13,450 വ്യാജ വോട്ടർമാരുണ്ട്. ഇത്തരത്തിൽ 140 മണ്ഡലങ്ങളിലായി 4.36ലക്ഷം കള്ളവോട്ടർമാരുടെ പട്ടികയാണ് വെബ്സൈറ്റിലുള്ളത്.