
കൊവിഡിനു മുന്നിൽ ജനങ്ങൾ വിഡ്ഢികളായി, ഞാനടക്കം. പക്ഷേ, ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനം വിഡ്ഢികളല്ല. പ്രവചനങ്ങൾക്കപ്പുറമുള്ള വിധിയെഴുത്താകും സംഭവിക്കുക. ആ ജനവിധി ഒരു തലവിധിയായിരിക്കും. പലരുടേയും തലവിധി തിരുത്തുന്നതുമായിരിക്കും. എന്തായാലും അതിൽ ഒരു വിധി ഉണ്ടാകും. എല്ലാ പോരാട്ടത്തിനും ഒടുവിൽ ഒരു വിധിയുണ്ടാകും. അതാണ് നമ്മൾ കാത്തിരിക്കുന്നത്.
- ജയരാജ് വാരിയർ,
ജനം വിഡ്ഢികളായതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പ് എന്ന പേരിൽ നടക്കുന്ന അഭ്യാസത്തിൽ യോഗ്യതയില്ലാത്തവരെയും ജയിപ്പിച്ചുവിടുന്നത്.
- സക്കറിയ എം മാത്യു
വിദ്യാർത്ഥി, കഴക്കൂട്ടം
ജനങ്ങൾ അത്ര മണ്ടന്മാരൊന്നുമല്ല. ആയിരുന്നെങ്കിൽ നാട് ഇത്രയും വികസിക്കില്ലായിരുന്നു. ജനങ്ങൾക്ക് ആവശ്യമില്ലാത്തവരെ തിരഞ്ഞെടുപ്പിൽ തള്ളിക്കളയാറുണ്ടല്ലോ. നല്ലത് ചെയ്തവരെ അധികാരത്തിലെത്തിക്കാനും അവർക്കറിയാം.
- മോഹനൻ എൻ.ജി കർഷകൻ
'പൊതുജനം കഴുതകൾ' എന്ന ചൊല്ല് തന്നെയുണ്ടല്ലോ. ഇന്ന് നടക്കുന്ന പലതും കാണുമ്പോൾ ജനങ്ങൾ വിഡ്ഢികളാണെന്ന് തോന്നാറുണ്ട്.
- ജിത്തു തോമസ്, വിദ്യാർത്ഥി
വോട്ട് ചെയ്യാൻ നമ്മൾ അഞ്ച് വർഷം കാത്തിരിക്കും. തിരഞ്ഞെടുപ്പ് വരുമ്പോൾ പല വാഗ്ദാനങ്ങളിലും വീണ് പലരേയും ജയിപ്പിച്ച് ജനപ്രതിനിധികളാക്കും.
- കമലാക്ഷി ഗോവിന്ദൻ, പാറ്റൂർ
തിരഞ്ഞെടുപ്പ് ഇന്ന് നടക്കണമായിരുന്നു. പൊതുജനം ശരിക്കും വിഡ്ഢികളാകുന്ന ദിനമാണത്. മക്കളേയും കുടുംബത്തേയും ഓരോ സ്ഥാനത്തെത്തിക്കാനാണ് നേതാക്കന്മാരുടെ ശ്രമം. ഇതൊന്നും ശ്രദ്ധിക്കാതെ അടികൊള്ളാനും ആദർശം പറയാനും അണികൾ മാത്രം.
-ആർ. ഗായത്രി
പൊതുജനം വിഡ്ഢികളായി അഭിനയിക്കുകയാണ്. ജനം വിഡ്ഢികളാണെന്ന് രാഷ്ട്രീയക്കാർ കരുതുന്നുണ്ടാകാം.പക്ഷെ പറ്റിക്കുന്നവർക്കുള്ള പണി നമ്മൾ വോട്ടിലൂടെ നൽകും.
-ഷാജി വെട്ടിപ്രം, ഫോട്ടോഗ്രാഫർ
കാലാകാലങ്ങളിൽ കാലുമാറാത്തവൻ രാഷ്ട്രീയക്കാരൻ അല്ലെന്ന് ഒരു നാടകത്തിൽ ഒ. മാധവൻ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ പാർട്ടിക്കാരും ഓരോന്ന് പറയും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സ്വാഹ.
-പി.സി രാജൻ, നാടക കലാകാരൻ
രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രിക വിഡ്ഢി ദിനത്തിൽ പുറത്തിറക്കണം. ഒന്നാമത് അതിലും വലിയ കോമഡി വേറെയില്ല. രണ്ടാമത് ജനങ്ങളെ വിഡ്ഢികളാക്കുന്ന വാഗ്ദാനങ്ങൾ എല്ലാം ഒരുമിച്ച് കിട്ടും. "
-അനിൽ കൂടൽ, സ്വകാര്യ സ്ഥാപന ജീവനക്കാരൻ
ജനങ്ങൾവിഡ്ഢികളായതു കൊണ്ടാണല്ലോ ഓരോരുത്തരെ ജയിപ്പിച്ച് വിടുന്നത്. ഓരോ പൗരനും വോട്ട് ചെയ്യുന്നത് അവർക്ക് വിശ്വാസമുള്ള ആളുകൾക്കാണ്. വോട്ട് നേടി വിജയിച്ചാൽ അവർ നമ്മളെ പറ്റിക്കും..
-രാജേന്ദ്രൻ, എൽ. ഐ. സി സെക്യൂരിറ്റി
നമ്മൾ വിഡ്ഢികളല്ല. അങ്ങനെ വിഡ്ഢികളാക്കുന്നവർക്കൊക്കെ അടുത്ത തിരഞ്ഞെടുപ്പിൽ മുട്ടൻ പണി കൊടുക്കും.ഹല്ല പിന്നെ..
-സത്യൻ, മത്സ്യബന്ധന തൊഴിലാളി
ജനങ്ങളെ സേവിക്കുക എന്നതാണ് രാഷ്ട്രീയക്കാരുടെ കടമ. എന്നാൽ ഇപ്പോൾ അതൊന്നുമല്ലല്ലോ ഇവിടെ നടക്കുന്നത്. സാധാരണക്കാർക്ക് എന്നും ദുരിതം തന്നെ. നമ്മളെ തിരിഞ്ഞു നോക്കാൻ ഒരു പാർട്ടിക്കാരുമില്ല.ജനം വിഡ്ഢികൾ.
-അനീസ്, മെഡിക്കൽഷോപ്പ് ഉടമ
ഒരാൾ സിനിമയിൽ അഭിനയിച്ചാൽ സിനിമയിൽ കയറിയെന്നാണ് പറയുന്നത്. ഏതെങ്കിലും ജോലി കിട്ടിയാലും ജോലിക്ക് കയറിയെന്നാണ് പറയുന്നത്. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാൽ രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നാണ് പറയുന്നത്. ഇങ്ങനെ ഇറങ്ങിയെന്ന് ചേർത്തുപറയുന്ന കൃത്യങ്ങൾ ആലോചിച്ചാൽ രാഷ്ട്രീയത്തെക്കുറിച്ച് പൊതുജനത്തിന്റെ കാഴ്ചപ്പാട് വ്യക്തമാകും.
-റോജിൻ തോമസ് മിമിക്രി കലാകാരൻ
പരിചയമുള്ള ഒരു നേതാവുണ്ട്. പുള്ളിക്കാരൻ പലതവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജയിച്ചിട്ടില്ല. എന്നാലും നേതാക്കളെ സ്വാധീനിച്ച് സീറ്റ് പിടിച്ചുവാങ്ങും. ഓരോ തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും അദ്ദേഹം പുതിയ കാർ വാങ്ങും. ജയത്തെക്കാൾ ലക്ഷ്യം പിരിവാണ്. അദ്ദേഹത്തിന് വേണ്ടിയിറങ്ങുന്ന പാർട്ടിക്കാരും വോട്ട് ചെയ്യുന്ന ജനങ്ങളും വിഡ്ഢികളാവുകയാണ്.
-അജീഷ് ആർ. പട്ടത്താനം
തമ്മിൽ ഭേദം ആരാണെന്നു നോക്കി വോട്ട് ചെയ്യും.ഇത്തവണ പുതുമുഖങ്ങളാണ് അധികവും. വിഡ്ഢിയാകാതിരിക്കാൻ ഓരോരുത്തരും ശരിയായി ചിന്തിച്ച ശേഷം വേണം വോട്ട് ചെയ്യാൻ -
ഏയ്ഞ്ചൽ താര എബ്രഹാം ,
അദ്ധ്യാപിക , ആലപ്പുഴ
ഏപ്രിൽ ഒന്നിന് അറിയാതെ വിഡ്ഢികളാകുന്നവരുണ്ട്.എന്നാൽ വോട്ട് ചെയ്ത ശേഷം മണ്ഡലത്തിൽ തിരിഞ്ഞുനോക്കാത്ത ചില എം.എൽ.എമാരെ വീണ്ടും ജയിപ്പിച്ച് വിടുന്ന വോട്ടർമാരെ എന്തു വിളിക്കണം.
- ജസ്റ്റിൻ ഫെർണാണ്ടസ്, ആലപ്പുഴ
തിരഞ്ഞെടുപ്പ് എത്തുമ്പോൾ വാക്കും പ്രവർത്തിയും കൊണ്ട് മാജിക്ക് കാണിക്കുന്നവർ യഥാർത്ഥത്തിൽ നമ്മളെ എന്നും വിഡ്ഢികളാക്കുകയാണ്.അവർ പറയുന്നു, നമ്മൾ കേൾക്കുന്നു. സമയം വരുമ്പോൾ എല്ലാവരും വോട്ട് ചെയ്യുമല്ലോ? ജനാധിപത്യത്തിന്റെ നാട്ടിൽ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കിൽ നമ്മൾ വിഡ്ഢികളാകും.
-എസ്. ഉണ്ണിമായ,
വീട്ടമ്മ, ആലപ്പുഴ