കൽപ്പറ്റ: തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ വയനാട്ടിലെ കോൺഗ്രസിൽ നിലയ്ക്കാതെ വൻചോർച്ച. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പാർട്ടിയിൽ നിന്ന് ഒട്ടേറെപ്പേരാണ് രാജിവച്ച് ഒഴിഞ്ഞത്. ഇതിൽ നല്ലൊരു പങ്കും സംസ്ഥാന - ജില്ലാ നേതാക്കളാണ്. ഏറ്റവും ഒടുവിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്റെ സഹോദരൻ കെ.കെ. വിശ്വനാഥനും പാർട്ടി വിട്ടു.
കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇദ്ദേഹം പറയുന്നു. ഈ രാജി പൂതാടി ഗ്രാമപഞ്ചായത്ത് ഭരണത്തെയെന്ന പോലെ പൂതാടി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയെയും ബാധിക്കാനിടയുണ്ട്.
ഡി.സി.സി മുൻ വൈസ് പ്രസിഡന്റായ ഇദ്ദേഹം കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു. പൂതാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. പൂതാടിയിൽ കോൺഗ്രസ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് വിശ്വനാഥൻ.
ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ.അനിൽകുമാർ കഴിഞ്ഞ ദിവസമാണ് രാജിവച്ച് എൽ.ജെ.ഡിയിൽ ചേക്കേറിയത്. വയനാട്ടിലെ തോട്ടം മേഖലയിൽ വലിയ സ്വാധീനമുളള നേതാവാണ് ഇദ്ദേഹം. വയനാട്ടിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ പി.കെ. ഗോപാലന്റെ മകനാണ്.
നേതൃത്വം തന്നെ പാടെ അവഗണിക്കുന്നുവെന്ന ആക്ഷേപത്തോടെയാണ് അനിൽകുമാർ പാർട്ടി വിട്ടത്. ഇദ്ദേഹത്തിനു പിറകെ മേപ്പാടിയിൽ നിന്നുളള മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാലും സംഘടനയിൽ നിന്ന് രാജിവച്ചിരുന്നു. സുജയ സി.പി.എമ്മിലേക്കാണ് പോയത്. കോൺഗ്രസ് നേതാവും കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ. കെ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റുമായ എൻ. വേണുഗോപാലിന്റെ ഭാര്യയാണ് സുജയ. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം സി.കെ. ശശീന്ദ്രൻ എം.എൽ.എ സുജയയെ ഹാരാർപ്പണം ചെയ്ത് പാർട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. വരുംദിനങ്ങളിൽ കൂടുതൽ പേർ പ്രസ്ഥാനം വിടുമെന്നും അതിൽ കൂടുതലും നേതാക്കളായിരിക്കുമെന്നും സുജയ പറയുന്നു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മീനങ്ങാടി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ശങ്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാനുമായ കെ.എൻ.രമേശനാണ് ആദ്യം രാജി വച്ചത്. ഇൗഴവ സമുദായത്തെ കോൺഗ്രസ് നേതൃത്വം പാടെ തഴയുന്നതിൽ പ്രതിഷേധിച്ചായിരുന്നു രമേശന്റെ രാജി. ഇതേ തുടന്ന് പുൽപ്പളളി മേഖലയിൽ ഇൗഴവ സമുദായത്തെ കുറച്ചെങ്കിലും പരിഗണിച്ചതിന്റെ ഗുണം പാർട്ടിയ്ക്ക് ലഭിച്ചിരുന്നു.
വയനാട്ടിൽ സംസ്ഥാന - ജില്ലാ നേതാക്കളുടെ രാജിപരമ്പരയെ ഏറെ ഗൗരവത്തോടെ കണ്ടുതുടങ്ങിയിട്ടുണ്ട് കെ.പി.സി.സി നേതൃത്വം.