kpcc

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് വിട്ട് രണ്ട് പ്രമുഖർ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥികളായേക്കും. കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജവിച്ച് സി.പി.എമ്മിൽ ചേർന്ന എം.എസ്. വിശ്വനാഥൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് എൽ.ജെ.ഡിയിൽ ചേർന്ന പി.കെ. അനിൽകുമാർ എന്നിവർക്കാണ് സാദ്ധ്യത.

എം.എസ്. വിശ്വനാഥനെ സംവരണ മണ്ഡലമായ സുൽത്താൻബത്തേരിയിൽ സി.പി.എം പരിഗണിച്ചേക്കും. സി.പി.എമ്മുമായി ഇതിന് ധാരണയുണ്ടെന്നാണ് വിവരം. ഡി.സി.സി പ്രസിഡന്റ് കൂടിയായ ഐ.സി. ബാലകൃഷ്ണനാണ് സുൽത്താൻബത്തേരി എം.എൽ.എ. ഇത്തവണയും അദ്ദേഹത്തെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. മാനന്തവാടി സംവരണ മണ്ഡലത്തിൽ മുൻ മന്ത്രി പി.കെ. ജയലക്ഷമിയെയും പരിഗണിക്കുന്നു. ഇരുവരും കുറിച്യസമുദായക്കാരാണ്. ജില്ലയിൽ ഭൂരിപക്ഷം വരുന്ന ആദിവാസികളിൽ കുറുമ സമുദായത്തെ കാലങ്ങളായി കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന പരാതിയുണ്ട്. കഴിഞ്ഞ രണ്ട് തവണയും കുറുമ സമുദായക്കാരനായ എം. എസ്. വിശ്വനാഥനെ സുൽത്താൻ ബത്തേരിയിൽ പരിഗണിക്കാമെന്ന് പറഞ്ഞ് ഒടുവിൽ തഴയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം സി.പി.എമ്മിൽ എത്തിയത്. സ്ഥാനാർത്ഥിയായാൽ ഐ.സി. ബാലകൃഷ്ണനുമായിട്ടായിരിക്കും അങ്കം.കോൺഗ്രസ് നേതൃത്വം പാടെ തഴഞ്ഞ മറ്റൊരു നേതാവാണ് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ. അനിൽകുമാർ. അന്തരിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവും ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന പി.കെ. ഗോപാലന്റെ മകനായ പി.കെ. അനിൽകുമാറിനെ എൽ.ജെ.ഡി കാര്യമായി പരിഗണിക്കുമെന്നാണ് സൂചന. എം.വി. ശ്രേയാംസ് കുമാർ എം.പി. സ്ഥാനം രാജിവച്ച് കൽപ്പറ്റയിൽ മത്സരിക്കുന്നില്ലെങ്കിൽ പി.കെ. അനിൽകുമാറിനെ പരിഗണിച്ചേക്കും. തോട്ടം മേഖലയിൽ നല്ല സ്വാധീനമുള്ള അനിൽകുമാറിനോട് സി.പി.എമ്മിനും താത്പര്യമുണ്ട്. അതേസമയം,​ കൽപ്പറ്റയിൽ എം.വി. ശ്രേയാംസ് കുമാറിന്റെ മകളെ ഇറക്കാനുളള നീക്കവുമുണ്ട്.