
കൽപ്പറ്റ: വയനാട്ടിൽ സി.പി.എമ്മിലും രാജി. പുൽപ്പളളി ഏരിയാ കമ്മറ്റി അംഗവും ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എ. ശങ്കരൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 2011ൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്നു ശങ്കരൻ. ഇത്തവണ സി.പി.എമ്മിന്റെ സാദ്ധ്യതാപട്ടികയിൽ ഇ.എ.ശങ്കരനും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാജിവച്ചെത്തിയ കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനെ സി.പി.എമ്മിൽ എടുത്തതിനു പിറകെയായിരുന്നു ഈ രാജി.
അർഹതയുള്ളവരെ തഴഞ്ഞ് പണവുമായി എത്തുന്നവരെ സി.പി.എമ്മിൽ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇ. എ.ശങ്കരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രുഗ്മിണി സുബ്രഹ്മണ്യനെയാണ് പാർട്ടി ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കിയത്. അതിൽ പരാതിയില്ല. ഇത്തവണ പരിഗണിക്കുമെന്ന് കരുതി. അതുണ്ടായില്ല. അപ്പുറത്ത് നിന്നു എത്തിയവരെ അംഗീകരിക്കുകയും ചെയ്യുന്നു. ഇത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി അധികാർ മഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് മെമ്പർ, കൺസ്യൂമർ ഫെഡ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും രാജിവെക്കുന്നുണ്ടെന്ന് ശങ്കരൻ വ്യക്തമാക്കി.