
കൽപ്പറ്റ: നേതാക്കളുടെ കൊഴിഞ്ഞുപോക്കിന്റെ പ്രശ്നം നേരിടുന്നതിനിടെ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ആ മുന്നറിയിപ്പിന് ആക്കം കൂടിയിരിക്കുകയാണ്; ഈ കൽപ്പറ്റയിൽ കണ്ണും വെച്ച് വരുത്തന്മാർ ആരും വരേണ്ട!.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ പേര് വയനാട്ടിലെ ഏക ജനറൽ സീറ്റായ കൽപ്പറ്റ മണ്ഡലത്തിലേക്ക് സജീവമായി പരിഗണിക്കുന്നതിനിടെയാണ് ജില്ലയിലെ നേതാക്കളുടെ മുന്നറിയിപ്പ്. അർഹരായ നിരവധി പേർ ഇവിടെത്തന്നെയുള്ളപ്പോൾ എന്തിന് ജില്ലയ്ക്ക് പുറത്ത് നിന്ന് ആളുകളെ കെട്ടിയെടുക്കണമെന്ന ചോദ്യമാണ് സംസ്ഥാന നേതൃത്വത്തിനു നേരെ മണ്ണിന്റെ മക്കൾ വാദക്കാർ ഉയർത്തുന്നത്.
കോൺഗ്രസിലെ അഗ്നിപർവത സ്ഫോടനം ഇനിയും നിലച്ചുവെന്ന് പറയാനായിട്ടില്ല. കഴിഞ്ഞ ആഴ്ച രാജിവച്ചത് നാല് പ്രമുഖരാണ്. ഇവരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എസ്.വിശ്വനാഥനും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാലും സി.പി.എമ്മിൽ ചേർന്നു. എം.എസ്.വിശ്വനാഥൻ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി സാദ്ധ്യതാപട്ടികയിൽ ഇടം നേടിയിട്ടുമുണ്ട്. ഇന്ന് മിക്കവാറും അന്തിമതീരുമാനമുണ്ടായേക്കും.
ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ രാജി വച്ച് എൽ.ജെ.ഡിയിലേക്കാണ് പോയത്. കൽപ്പറ്റ മണ്ഡലത്തിൽ എം.വി.ശ്രേയാംസ് കുമാർ മത്സരിക്കുന്നില്ലെങ്കിൽ പി.കെ.അനിൽകുമാറിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.
കൽപ്പറ്റ ജനറൽ സീറ്റിൽ വയനാട്ടുകാരായ അര ഡസനോളം നേതാക്കളാണ് കണ്ണ് നട്ടിരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.വി. ബാലചന്ദ്രൻ, കെ.പി.സി.സി അംഗങ്ങളായ എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ഡി.സി.സി സെക്രട്ടറിയുമായ കെ.ഇ. വിനയൻ എന്നിവരാണ് ജില്ലയിലെ സാദ്ധ്യതാ പട്ടികയിലുള്ളത്.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ കൽപ്പറ്റയിൽ മത്സരിച്ചേക്കുമെന്ന് നേരത്തെ ശ്രുതി ഉയർന്നപ്പോൾ തന്നെ എതിർപ്പിന്റെ മുറുമുറുപ്പ് ഉയർന്നുവന്നതാണ്. മുന്നണിയിൽ മുസ്ലീം ലീഗിന്റെ നേതാവ് പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. മുല്ലപ്പള്ളി എവിടെയും മത്സരത്തിനില്ലെന്നറിഞ്ഞതോടെ ആ സാദ്ധ്യത കെട്ടടങ്ങി.
പാർട്ടി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എംപി, ജില്ലയുടെ ചുമതലയുള്ള കെ. മുരളീധരൻ എംപി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ഡി.സി.സി ഓഫീസിൽ ചേർന്ന 'അനുരഞ്ജനയോഗ"ത്തിൽ കൽപ്പറ്റയിലേക്കു ഇന്നാട്ടുകാരെ തന്നെ പരിഗണിക്കണമെന്ന ആവശ്യമുയർന്നതാണ്. ജില്ലയിലെ പ്രശ്നങ്ങൾ സാവകാശം കേട്ട് പരിഹാരവഴികൾ നിർദ്ദേശിച്ച നേതാക്കൾ ഒടുവിലായി ഒന്നു കൂടി പറഞ്ഞു; ഇനി അഥവാ, പ്രത്യേക സാഹചര്യത്തിൽ പുറത്ത് നിന്ന് നേതാക്കളെ ആരെയെങ്കിലും ഇവിടേക്ക് വിട്ടാൽ എതിർക്കാൻ നിൽക്കരുതെന്ന്. പക്ഷേ, ജില്ലയിലെ നേതാക്കൾക്ക് ഇത് ഒരു തരത്തിലും ദഹിക്കുന്നില്ലെന്നു മാത്രം.