
കൽപ്പറ്റ: പി.കെ. ജയലക്ഷ്മി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒരിക്കൽക്കൂടി സജീവമാവുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാമന്ത്രിയായി, കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ അഞ്ചു വർഷം. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രി. മന്ത്രിയായിരിക്കെ വിവാഹം. അന്നൊക്കെ വാർത്തകളിൽ താരമായി നിറഞ്ഞുനിന്ന ജയലക്ഷ്മിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം അഞ്ചു വർഷത്തെ 'വേദനിപ്പിക്കുന്ന' ഇടവേള.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എ കെ.സി. കുഞ്ഞിരാമനെ 12,734 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു മുപ്പത്തിയൊന്നാം വയസ്സിൽ ജയലക്ഷ്മിയുടെ സഭാപ്രവേശം. കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഒ.ആർ. കേളുവിനോട് 1307 വോട്ടുകൾക്ക് പരാജയം. ഇക്കുറി മൂന്നാംവട്ടം സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുമ്പോൾ ജയലക്ഷ്മിക്ക് തികഞ്ഞ ആത്മവിശ്വാസം. ജയലക്ഷ്മി പറയുന്നു:
മന്ത്രിയായിരുന്നെങ്കിലും, നാട്ടിൻപുറത്തെ ഒരു സാധാരണ സ്ത്രീ എന്ന നിലയിൽ എനിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2015 ൽ, മന്ത്രിയായിരിക്കെ ആയിരുന്നു വിവാഹം. 2016 ലെ തിരഞ്ഞെടുപ്പിൽ സത്യവിരുദ്ധമായും, വ്യക്തിഹത്യ നടത്തുന്ന രീതിയിലും ചില പ്രചാരണങ്ങൾ എതിർചേരിയിലുള്ളവർ നടത്തുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു.
പിന്നീട്, ഞാൻ ഗർഭിണിയായിരിക്കെയാണ് മുൻ വൈരാഗ്യത്തിന്റെ പേരിലെന്ന പോലെ ഒരു മാദ്ധ്യമ പ്രവർത്തകനും അദ്ദേഹത്തിന്റെ ചാനലും എന്നെ തുടരെ വേട്ടയാടിക്കൊണ്ടിരുന്നത്. പാരമ്പര്യങ്ങളും ആചാരങ്ങളും മുറുകെപ്പിടിക്കുന്നവരാണ് കുറിച്യ സമുദായക്കാർ. എന്നെയും സമുദായത്തെയും ലോകത്തിനു മുമ്പിൽ അധിക്ഷേപിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു.
ഗർഭിണിയായി ആറു മാസം മാത്രമായപ്പോഴായിരുന്നു പ്രസവം. നാലു മാസത്തോളം ഞാനും കുഞ്ഞുമോളും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മാസളോളം വീട്ടിലും വിശ്രമത്തിലായി. ലക്ഷങ്ങളുടെ ബാധ്യതയായിരുന്നു ബാക്കി. കുപ്രചാരണങ്ങളിൽ കുടുംബാംഗങ്ങളെല്ലാം മാനസികമായി തളർന്നിരുന്നു. തറവാട്ടിലെ കുട്ടികൾക്കടക്കം മാനഹാനി മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. അച്ഛൻ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായി. അടുത്ത ബന്ധു അകാലത്തിൽ മരിച്ചു...
താങ്ങാനാവുന്നതിലും അധികമായിരുന്നു ഈ അനുഭവങ്ങളെല്ലാം. വെല്ലുവിളികൾക്കു മുന്നിൽ പകച്ചു നിൽക്കലല്ല, അതിജീവിക്കുന്നതിലാണ് സ്ത്രീയുടെ കരുത്തെന്ന് മനസ്സിലുറപ്പിച്ച് മുന്നോട്ടു നീങ്ങി. രാഷ്ട്രീയം മാത്രമല്ല, ജീവിതം തന്നെയും മടുത്തുവെന്നു തോന്നിയ നിമിഷങ്ങളിൽ, എന്നേക്കാൾ വേദനിക്കുന്നവരെക്കുറിച്ചാണ് ഞാൻ ഓർമ്മിച്ചത്. ജനങ്ങൾ സത്യം തിരിച്ചറിയാൻ വർഷങ്ങളെടുത്തു, എന്നിട്ടും പഴയ വാർത്തകൾ പുറത്തെടുത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്രമണം തുടരുകയായിരുന്നു. ഇത് എനിക്ക് പുനർജന്മമാണ്. ജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ഇപ്പോൾ ചിന്തിക്കുന്നില്ല. പോരാടുക- അതു മാത്രമാണ് മനസ്സിൽ.