സുൽത്താൻ ബത്തേരി : ആത്മാവ് ഉപേക്ഷിച്ച് വനഗ്രാമം വിടാൻ തയ്യാറല്ലെന്ന് പ്രാക്തനഗോത്ര വർഗക്കാരായ കാട്ടുനായ്‌ക്കരും അർഹമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ മറ്റൊരു ദിക്കിലേക്കുമില്ലെന്ന് ജനറൽ വിഭാഗക്കാരും വ്യക്തമാക്കിയതോടെ വയനാട് വന്യജീവി സങ്കേതത്തിലെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി തീർത്തും ത്രിശങ്കുവിലായി.
കഴിഞ്ഞ ഒന്നര വർഷമായി അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു പുനരധിവാസ പദ്ധതി. ഇതിനിടയ്ക്ക് വീണ്ടും ശ്രമം തുടങ്ങുന്നതിനിടെയാണ് പ്രതിരോധത്തിന് ആക്കം കൂടിയത്.
കാടാണ് തങ്ങളുടെ ആത്മാവെന്നും ഇവിടെ നിന്നുള്ള പറിച്ചുനടൽ തങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കുമെന്നുെം കാട്ടുനായ്ക്കർ പറയുന്നു. ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ എങ്ങനെ പുറത്തേക്ക് പോകുമെന്ന ചോദ്യമാണ് ജനറൽ വിഭാഗക്കാരുടേത്.
മുത്തങ്ങ റേഞ്ചിലെ ചെട്ട്യാലത്തൂർ, കുറിച്യാട് റെയിഞ്ചിലെ കുറിച്യാട് വനഗ്രാമം എന്നിവിടങ്ങളിൽ പദ്ധതി തുടങ്ങിയങ്കിലും പൂർത്തീകരിക്കാനായില്ല. കുറിച്യാട് 49 കാട്ടുനായ്ക്ക കുടുംബങ്ങളും ചെട്ട്യാലത്തൂരിൽ 7 ജനറൽ വിഭാഗമടക്കം 74 കുടുംബങ്ങളുണ്ട്. മണിമുണ്ട, പൂത്തൂര്, പാമ്പുംകൊല്ലി എന്നിവിടങ്ങളിലെ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനുമുണ്ട്.
കുറിച്ച്യാട് വനഗ്രാമത്തിലെ കാട്ടുനായ്ക്ക കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഇവർക്ക് അനുവദിച്ച തുക കൊണ്ട് പണയമ്പത്ത് 5 വർഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും ഇതുവരെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പുർത്തീകരിക്കാനായില്ല. ചെട്ട്യാലത്തൂരിൽ ആകെയുള്ള 195 കുടുംബങ്ങളിൽ 121 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. ബാക്കിയുള്ള 74 കുടുംബങ്ങളിൽ 40 കുടുംബങ്ങൾക്കുള്ള തുക മാത്രമാണ് പാസ്സായത്. തുടർനടപടികൾ വൈകുകയും ചെയ്യുന്നു.
വനഗ്രാമങ്ങളിൽ കഴിയുന്ന ജനറൽ വിഭാഗക്കാരിൽ മിക്കവരും കൂടുതൽ ഭൂമിയുള്ളവരാണ്. ചെട്ട്യാലത്തൂരിൽ 40 ഏക്കർ വരെ സ്ഥലമുള്ളവരുണ്ട്. പുറത്തു ഭൂമി വാങ്ങാൻ 10 ലക്ഷം രൂപ തീരെ അപര്യാപ്തമാണെന്ന് ഇവർ പറയുന്നു.
ഗോത്രവർഗക്കാരിൽ പണിയ വിഭാഗക്കാർ പോകാൻ തയ്യാറാണെങ്കിലും കാട്ടുനായ്ക്ക വിഭാഗത്തിലുള്ളവർ ചെറുത്തുനില്പിൽ തന്നെയാണ്.
തുടക്കമിട്ടത്
2011ൽ
വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ വനഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകി പുറത്തേക്ക് മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് സമഗ്ര വന്യജീവി ആവാസ വ്യവസ്ഥ പുനരുദ്ധാരണ പദ്ധതി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇതിന് ഫണ്ട് നൽകുന്നുണ്ട്.
വനഗ്രാമങ്ങളിൽ കഴിയുന്ന എല്ലാ വിഭാഗം ആളുകളെയും മാറ്റിപ്പാർപ്പിക്കുക ലക്ഷ്യം വെച്ചുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത് 2008 - 2009 വർഷമാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട് പരിഗണിച്ച് 2011-ൽ പദ്ധതിയ്ക്ക് തുടക്കമിട്ടു. സുൽത്താൻ ബത്തേരി റേഞ്ചിലെ കൊട്ടങ്കര വനഗ്രാമത്തിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചായിരുന്നു തുടക്കം. തുടർന്ന്,ഗോളൂർ, അമ്മവയൽ, അരകുഞ്ചി, വെള്ളത്തൂർ, മാനന്തവാടിയിലെ നരിമാന്തികൊല്ലി, ഈശ്വരൻകൊല്ലി എന്നിവിടങ്ങളിലും നടപ്പാക്കി.
18 വയസായവരെ ഒരു കുടുംബമായി പരിഗണിച്ച് 10 ലക്ഷം രൂപ വീതമാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ, വനഗ്രാമങ്ങളിലെ 00 കുടുംബങ്ങളിൽ 600 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ബാക്കിയുള്ള കുടുംബങ്ങളെ മാറ്റുന്ന നടപടി തുടർന്നു വരുന്നതേയുള്ളു.