
കൽപ്പറ്റ:വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിന് വേണ്ടി യു.ഡി.എഫിൽ പടപ്പുറപ്പാട് കെട്ടടങ്ങുന്നില്ല.ജില്ലയിൽ തന്നെ ഒരു ഡസനോളം പേരുകളാണ് സാദ്ധ്യതാ ലിസ്റ്റിൽ ഇടം നേടിയിട്ടുളളത്. ചുരത്തിന് താഴെ നിന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.സിദ്ദീഖ് എന്നിവരുടെ പേരുകളും പറഞ്ഞ് കേൾക്കുന്നു.
എന്നാൽ മത്സരിച്ചാൽ മുല്ലപ്പളളി കണ്ണൂരിലേക്ക് പോകാനാണ് സാദ്ധ്യതയെന്ന് കേൾക്കുന്നു.. സിദ്ദിഖ് വരുന്നതിനോട് ജില്ലയിൽ സ്ഥാനാർത്ഥി മോഹവുമായി നടക്കുന്നവർക്ക് യോജിപ്പില്ല.കെ.പി.സി സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി , മുൻ എം. എൽ.എ എൻ.ഡി.അപ്പച്ചൻ, കെ.പി.സി സെക്രട്ടറി കെ.കെ. അബ്രഹാം, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ. എൽ. പൗലോസ്, പി.വി. ബാലചന്ദ്രൻ എന്നിവരുടെ പേരുകളും സാദ്ധ്യതാ പട്ടികയിലുണ്ട്. ഇവരെയൊക്കെ കടത്തി വെട്ടി യുവാക്കളുടെ പ്രതിനിധി കെ. ഇ. വിനയനെ സ്ഥാനാർത്ഥായാക്കാനാണ് ഒടുവിലത്തെ നീക്കം. വിനയൻ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, സുൽത്താൻബത്തേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.