മാനന്തവാടി: കടുവാ ശല്യം രൂക്ഷമായ തവിഞ്ഞാൽ മക്കിക്കൊല്ലി വെള്ളരിപാലത്ത് കൂട് സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയി അറിയിച്ചു. ഇന്നലെ പുലർച്ചെയും പ്രദേശത്ത് കടുവ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഡി.എഫ്.ഒ ഓഫീസിലെത്തി ഡി എഫ്ഒയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇന്നുച്ചയ്ക്ക് 2 മണി മുതൽ വനം വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്ത് തിരച്ചിൽ നടത്തി കടുവയെ തുരത്താൻ ശ്രമിക്കും. ശ്രമം വിജയിച്ചില്ലെങ്കിൽ രാത്രി 8 മണിക്ക് കൂട് സ്ഥാപിക്കുമെന്നാണ് ഡി.എഫ്.ഒ അറിയിച്ചത്. കൂട് സ്ഥാപിച്ചില്ലെങ്കിൽ നാളെ ഡി.എഫ്.ഒ ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെ നടന്ന ചർച്ചയിൽ വാർഡ് മെമ്പർ ജോസ് കൈനിക്കുന്നേൽ, ബ്ലോക്ക് അംഗം അസീസ് വാളാട്, ജനപ്രതിനിധികളായ എംജി ബിജു, ലൈജി തോമസ്, പൊതുപ്രവർത്തകരായ മനോജ് ഒഴക്കോടി, പ്രതീഷ് മൈലാടി, അജോ മാളിയേക്കൽ, പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
കടുവ ഭീഷണി നിലനിൽക്കുന്ന മക്കിക്കൊല്ലിയിൽ ഒ.ആർ കേളു എം.എൽ.എ സന്ദർശിച്ചു. ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയിയുമായി അദ്ദേഹം ചർച്ച നടത്തുകയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
തുടർന്ന് കടുവ ആക്രമിച്ച പശുക്കളുടെ ഉടമ വെള്ളരിപ്പാടം ഫ്രാൻസീസിന്റെ വീട് സന്ദർശിക്കുകയും ചെയ്തു. കെ.എം വർക്കി, എം റജീഷ്, കെ.ടി വിനു, പി.ടി ബേബി, എ.ഉണ്ണികൃഷ്ണൻ, എ.വി മാത്യു എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.