
കൽപ്പറ്റ:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ എതിരാളി ഇത്തവണ ഇടത് രഥം തെളിക്കുന്ന സ്ഥാനാർത്ഥിയായി !. എൽ.ഡി.എഫിന്റെ സി.കെ ശശീന്ദ്രനെതിരെ യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച എം.വി ശ്രേയാംസ് കുമാറാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി.
ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) എൽ.ഡി.എഫിനൊപ്പം വന്നതോടെയാണ് കൽപ്പറ്റ എൽ.ജെ.ഡിക്ക് നൽകിയത്. ആര് മത്സരിക്കുമെന്നത് അനിശ്ചിതത്വത്തിലായിരുന്നു. എം.വി ശ്രേയാംസ് കുമാർ മത്സരിക്കണമെന്നായിരുന്നു വയനാട് ഘടകത്തിന്റെ ആവശ്യം. തുടർ ഭരണത്തിന് മണ്ഡലം നിലനിർത്തേണ്ടത് അനിവാര്യമായതിനാൽ സംസ്ഥാന ചെയർമാൻ തന്നെ മത്സര രംഗത്തേക്ക് വരികയായിരുന്നു.
എം.വി ശ്രേയാംസ്‌കുമാർ നിയമസഭയിൽ രണ്ട് തവണ കൽപ്പറ്റയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2006ൽ എൽ.ഡി.എഫ് പ്രതിനിധിയായും 2011ൽ യു.ഡി.എഫ് അംഗമായും. കൽപ്പറ്റയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികളായി. സുൽത്താൻ ബത്തേരിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചെത്തിയ എം. എസ് വിശ്വനാഥനും മാനന്തവാടിയിൽ സിറ്റിംഗ് എം. എൽ.എ കൂടിയായ ഒ. ആർ കേളുവും മത്സരിക്കും.
എൽ.ജെ.ഡി സ്ഥാനാർത്ഥികളായി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽ.ജെ.ഡിയുടെ മൂന്നു സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കല്പറ്റയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറും കൂത്തുപറമ്പിൽ മുൻമന്ത്രി കെ.പി. മോഹനനും വടകരയിൽ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും മത്സരിക്കും.
കല്പറ്റ, കൂത്തുപറമ്പ് സീറ്റുകളിലേക്ക് തർക്കങ്ങളുയർന്നില്ലെങ്കിലും വടകര സീറ്റിനായി ഏറെ പേർ അവകാശവാദം ഉന്നയിച്ചിരുന്നു.