സുൽത്താൻ ബത്തേരി : അടുക്കളയിലെ ആസിഡുകളും ആൽക്കലികളും സ്വന്തമായുണ്ടാക്കിയ ലിറ്റ്മസ് പേപ്പറുപയോഗിച്ച് തിരിച്ചറിഞ്ഞ രക്ഷിതാക്കൾക്ക് കൗതുകം. ഇത്രയും കാലം തങ്ങളുടെ വീട്ടിലുണ്ടായിരുന്ന ശാസ്ത്ര സത്യങ്ങൾ ഇതുവരെ തിരിച്ചറിയാൻ വൈകിയതിൽ അൽപ്പം പ്രയാസവും.
സർവ്വശിക്ഷ കേരളയുടെ സഹായത്തോടെ കുപ്പാടി ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ വീടുകളിൽ നടപ്പിലാക്കിയ ശാസ്ത്ര ലാബ് പദ്ധതിയുടെ ഭാഗമായി നടന്ന ശാസ്ത്ര ശിൽപ്പശാലയിലാണ് രക്ഷിതാക്കൾക്ക് മുന്നിൽ കുട്ടികൾ അറിവിന്റെ വാതായനം തുറന്നത്.
വായു മർദ്ധത്തിന്റെ സാന്നിദ്ധ്യം ബലൂൺ പരീഷണങ്ങളിലൂടെ വളരെ ലളിതമായി വിദ്യാർത്ഥികൾ കാണിച്ചു കൊടുത്തു. പിവിസി പൈപ്പിലൂടെ ശബ്ദത്തിന്റെ പ്രകമ്പനം ഏറ്റവും ഉച്ഛസ്ഥായിൽ എത്തുന്ന വിധവും പരീഷണങ്ങളിലൂടെ കാണിക്കുകയുണ്ടായി.
12 കുട്ടികളുടെ വീട്ടുമുറ്റങ്ങളിലാണ് വിവിധ ശാസ്ത്ര പരീഷണങ്ങൾ നടന്നത്. ശാസ്ത്ര ശാഖയുമായി ബന്ധപ്പെട്ട പരീഷണങ്ങൾ കാണുന്നതിന് കുട്ടികളേക്കാൾ ആവേശത്തിലായിരുന്നു രക്ഷിതാക്കൾ.
കിടങ്ങിൽ കോളനിയിലെ വീട്ടുമുറ്റത്ത് നടന്ന ശാസ്ത്രലാബ് ഡോൺ ബോസ്‌കോ കോളേജ് പ്രിൻസിപ്പൽ ഫാ.ജോയി ഉള്ളാട്ടിൽ മാജിക് ലാമ്പ് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. അനുമേരി പോൾ, കെ.അസ്മ, കെ.എം.ലളിത, ടി.പി.സന്തോഷ്, രാധ കിടങ്ങിൽ, കെ.ശ്രീജ എന്നിവർ സംസാരിച്ചു. പ്രിയനന്ദിനി സ്വാഗതവും ജിത്തു നന്ദിയും പറഞ്ഞു.