jayalakshmi
പി.കെ ജയലക്ഷ്മി

കൽപ്പറ്റ: കൽപ്പറ്റ ഒഴികെയുള്ള മണ്ഡലങ്ങളിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാനന്തവാടിയിൽ മുൻ മന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ ജയലക്ഷ്മിയും ബത്തേരിയിൽ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ഐ.സി ബാലകൃഷ്ണനുമാണ് സ്ഥാനാർത്ഥികൾ. മുന്നണിയ്ക്ക് കൽപ്പറ്റ തുടക്കം തൊട്ടേ കീറാമുട്ടിയായി മാറുകയായിരുന്നു. ഇവിടെ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

ഇത് മൂന്നാമങ്കത്തിനാണ് ജയലക്ഷ്മി ഒരുങ്ങുന്നത്. മാനന്തവാടിയിൽ നിന്ന് 2011 ൽ നിയമസഭയിലെത്തിയ ജയലക്ഷ്മി 2016 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എ.ഐ.സി.സി അംഗവും കെ.പി. സി.സി. ജനറൽ സെക്രട്ടറിയുമാണ്. ബത്തേരിയിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഐ.സി ബാലകൃഷ്ണൻ വീണ്ടും അങ്കത്തട്ടിലിറങ്ങുന്നത്. കഴിഞ്ഞ പത്തു വർഷമായി ബത്തേരിയുടെ പ്രതിനിധിയാണ് ഇദ്ദേഹം.

തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂല പാലോട്ട് തറവാട്ടിലെ കുഞ്ഞാമൻ - അമ്മിണി ദമ്പതികളുടെ മകളണ് ജയലക്ഷ്മി. 1980 ഒക്ടോബർ 3നാണ് ജനനം. കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂൾ, സർവോദയ സ്‌കൂൾ എന്നിവിങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം കഴിഞ്ഞ് മാനന്തവാടി ഗവ.കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദപഠനം പൂർത്തിയാക്കി. പിന്നീട് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ കോഴ്‌സും പൂർത്തീകരിച്ചു.

ബിരുദ പഠന കാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2000 ൽ സ്വന്തം വീടിനടുത്ത് 21 പട്ടികവർഗ്ഗ സ്ത്രീകളെ ഒരുമിച്ച് കൂട്ടി കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ച് സാമൂഹ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 2005 ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 16ാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് അംഗമായി. ഇക്കാലയളവിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിന് ദേശീയ അംഗീകാരം ലഭിച്ചു. 2010ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ഗ്രാമ പഞ്ചായത്ത് അംഗമായി. യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് മണ്ഡലം സെക്രട്ടറിയായിരിക്കെ 2011ൽ രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെയാണ് നിയമസഭാ സ്ഥാനാർത്ഥിയായത്. പട്ടികവർഗ സംവരണ മണ്ഡലമായ മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്ന് 12,734 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് 13ാം കേരള നിയമസഭാംഗമായി. 2011 മേയ് 23ന് പട്ടികവർഗ സമുഹത്തിൽ നിന്ന് തെക്കേ ഇന്ത്യയിലെ ആദ്യ വനിതാമന്ത്രിയെന്ന ചരിത്രം കുറിച്ച് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പട്ടികവർഗ ക്ഷേമ - യുവജനകാര്യ - മ്യൂസിയം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിയായിരിക്കെ 2015 മേയ് 10നായിരുന്നു കമ്പളക്കാട് ചെറുവടി തറവാട്ടിലെ അനിൽകുമാറുമായുള്ള വിവാഹം. ഏക മകൾ മൂന്നു വയസ്സുകാരി ആരാധ്യ.

മന്ത്രിയായിരിക്കെ പട്ടികവർഗ ക്ഷേമ വകുപ്പിൽ മുപ്പതിലധികം പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവർത്തകരുടെ എതിർ പ്രചാരണങ്ങളുടെ ഭാഗമായി 1,304 വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഗൃഹസന്ദർശനങ്ങളിലും കുടുംബയോഗങ്ങളിലും മറ്റുമായി ജയലക്ഷ്മി

താഴെത്തട്ടിൽ സജീവമായിരുന്നു.

കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഐ സി ബാലകൃഷ്ണൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങൾക്ക് നായകനായി. വാളാട് ഗവ. എച്ച് എസിലെ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം 1994 - 95 കാലഘട്ടത്തിലാണ് രാഷ്ട്രീയത്തിൽ സജീവമായി. 2002 മുതൽ 2004 വരെ യൂത്ത്‌ കോൺഗ്രസ് തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റായിരുന്നു. 2004 മുതൽ 2007 വരെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി. 2001 മുതൽ 2005 വരെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കാരച്ചാൽ വാർഡിൽ നിന്നും മത്സരിച്ചുജയിച്ച ബാലകൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. 2006 മുതൽ 2011 വരെ തവിഞ്ഞാൽ ഡിവിഷനെ പ്രതിനീധികരിച്ച് ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. 2007 മുതൽ 2009 വരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗം, ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ഇ എ ശങ്കരനെ 7,583 വോട്ടിനാണ് തോൽപ്പിച്ചത്. 2016ൽ എൽ ഡി എഫിലെ രുഗ്മിണി സുബ്രഹ്മണ്യനെതിരെ 11,198 വോട്ടിന്റെ ഭൂരിപക്ഷം നേടി.