manikuttan
മണിക്കുട്ടൻ സി.കെ.ശശീന്ദ്രനൊപ്പം

മാനന്തവാടി: ബി.ജെ.പിയുടെ മാനന്തവാടി മണ്ഡലം സ്ഥാനാർത്ഥിയായി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച മണിക്കുട്ടൻ എന്ന മണികണ്ഠൻ ഇന്നലെ അതികാലത്ത് അഭയം തേടിയെത്തിയത് കൽപ്പറ്റയിലെ നിലവിലെ എം.എം.എ സി.കെ.ശശീന്ദ്രന്റെ ഒാഫീസിൽ. പണിയ വിഭാഗത്തിലെ ആദ്യ എം.ബി.എ ക്കാരനായ മണിക്കുട്ടൻ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ താത്കാലിക ജീവനക്കാരനാണ്. താൻ ആരുടെയും സ്ഥാനാർത്ഥിയല്ലെന്ന് മണിക്കുട്ടൻ സി.കെ.ശശീന്ദ്രനോട് പ്രഖ്യാപിക്കുകയായിരുന്നു. ചാനലുകളിൽ വാർത്ത കണ്ടാണ് താൻ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി മാറിയെന്ന വാർത്ത അറിയുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന് മണിക്കുട്ടന് ഇതേവരെ അറിയില്ല. ഇന്നലെ കാലത്ത് തന്നെ മണിക്കുട്ടൻ ഇത് നിഷേധിച്ച് കൊണ്ട് രംഗത്ത് വരികയായിരുന്നു.

ആദിവാസികൾക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ പണിയ സമുദായത്തിൽ നിന്നും കഠിനപ്രയത്‌നം നടത്തിയാണ്‌ വിദ്യാഭ്യാസം നേടിയത്‌. ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ഒരു രാത്രി മണിക്കുട്ടന്റെ പേര് ഇടം പിടിച്ചതിനു പിറകെ അത് മാഞ്ഞുപോവുകയായിരുന്നു.