കൽപ്പറ്റ: 'കേളു ജയിക്കും, ജയിക്കണം; ഇൗ നാടിന്റെ ആവശ്യമാണ് " മുൻ എം.എൽ.എ കെ.സി കുഞ്ഞിരാമന്റെ വാക്കുകളിൽ ഉറപ്പിന്റെ തിളക്കം. അഞ്ച് വർഷമായി പരസഹായമില്ലാതെ മുറിയിൽ നിന്ന് മുറിയിലേക്ക് നീങ്ങാനാവാതെ കഴിയുകയാണ് ഇൗ ആദിവാസി നേതാവ് . 2016 മാർച്ച് 17 സി.പി.എം വയനാട് ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാൻ പുറപ്പെടുമ്പോഴാണ് മരത്തിന്റെ ചോല വെട്ടാനായി ജോലിക്കാരൻ വന്നത്. സ്ഥലത്തിന്റെ അതിര് കാണിക്കാൻ കെ.സിയും ഒപ്പം കൂടി. മരത്തിൽ കയറിയ ആൾ ആദ്യം വെട്ടിയിട്ട കൊമ്പ് നേരെ വീണത് തലപോയ തെങ്ങിൻ മുകളിലേക്ക്. വലിയ കൊമ്പ് വീണതോടെ തെങ്ങ് ചിതറി തെറിച്ചു. അതിലൊരു കഷ്ണം പതിച്ചത് കെ.സി കുഞ്ഞിരാമന്റെ ദേഹത്തേക്കായിരുന്നു. ബോധം തെളിഞ്ഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ. നെഞ്ചിൽ പിളർക്കും വേദന. എഴുന്നേൽക്കാൻ കഴിഞ്ഞെങ്കിൽ എന്തെങ്കിലും ജോലി ചെയ്യാമായിരുന്നുവെന്ന് കെ.സി പറയുന്നു. സഖാക്കൾ കൈയൊഴിഞ്ഞില്ല. നിരന്തര ചികിത്സ. സഖാക്കൾ കുടുംബാംഗത്തെപ്പോലെ എന്നും വീട്ടിലെത്തുന്നു. കഴിഞ്ഞ രാത്രിയാണ് എം.എൽ.എ ഒ. ആർ.കേളു വന്നത്. പഴയ സഖാവിനെ കാണാൻ. ഒപ്പം രാഷ്ടീയത്തിലെ ഗുരുനാഥൻ ഇ.എം.ശങ്കരൻ മാസ്റ്ററുടെ മകനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.സുരേഷും. സംഘടനാ രംഗത്തും എം.എൽ.എ എന്ന നിലയിലും ഗുരുസ്ഥാനീയൻ കൂടിയാണ് കെ.സിയെന്ന് ഒ. ആർ. കേളു പറഞ്ഞു. സംസാരം നീളുന്നതിനിടെ കെ.സിയും മനസ് തുറന്നു. ''പിണറായി സർക്കാർ രാജ്യത്തിന് അഭിമാനമാണ്. തുടർഭരണം വേണം. തുടർ ഭരണത്തിൽ കേളുവും നിയമസഭയിൽ ഉണ്ടാവണം.'' കേളുവിനെ സ്വീകരിക്കാൻ ഭാര്യ രാധയും ഉണ്ടായിരുന്നു. 2006ലായിരുന്നു കെ.സി.കുഞ്ഞിരാമൻ കേരള നിയമസഭയെ പ്രതിനിധീകരിച്ചത്.