
കൽപ്പറ്റ: വയനാടിനെ ഉണർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പര്യടനം. പിണറായിയിലെ വീട്ടിൽ നിന്ന് ഇന്നലെ അതിരാവിലെ യാത്ര തിരിച്ച് കൊട്ടിയൂർ അമ്പായത്താേട് ചുരം കയറി വയനാടിന്റെ കവാടമായ ബോയ്സ് ടൗണിൽ എത്തുമ്പോൾ സമയം 9.55. പാവങ്ങളുടെ പടത്തലവൻ എ.കെ.ജി ഉദ്ഘാടനം ചെയ്ത മാനന്തവാടി എരുമത്തെരുവിലെ നോർത്ത് വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ (സി. ഐ.ടി.യു)ഒാഫീസിൽ ആദ്യ സന്ദർശനം. സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ ശ്രീമതി, ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സംസ്ഥാന കമ്മറ്റി അംഗം സി.കെ ശശീന്ദ്രൻ എം.എൽഎ, സെക്രട്ടറിയേറ്റ് മെമ്പർമാരായ പി.വി സഹദേവൻ, പി.കെ സുരേഷ് എന്നിവർ ചേർന്ന് വരവേറ്റു. എ.കെ.ജി ഇരുന്ന കസേരയിലിരുന്ന് വിശേഷങ്ങളിലേക്ക്. മാനന്തവാടി വൈറ്റ് ഫോർട്ടിൽ നടത്താനിരുന്ന വാർത്താ സമ്മേളനം ഒഴിവാക്കിയതിനാൽ സംസാരം നീണ്ടു. മാനന്തവാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ. ആർ. കേളുവിന്റെ പ്രചാരണ പരിപാടിയായിരുന്നു ആദ്യം. കബനിയുടെ ഒാരത്ത് നിന്ന് നൂറ് മീറ്റർ അകലെ പ്രസംഗ വേദിയിലേക്ക്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുൾപ്പെടെ പ്രസംഗിച്ച വേദി. 10.33ഓടെ മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തടിച്ച് കൂടിയ ജനാവലിയെ അഭിവാദ്യം ചെയ്ത് അഞ്ച് വർഷത്തെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് അത്യുഗ്രൻ പ്രസംഗം. ഒ.ആർ കേളുവിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ പ്രസംഗം നിർത്തുമ്പോൾ സമയം 11. 22.
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഗാന്ധി ജംഗ്ഷനിലാണ് ഒരുക്കിയത്. മാനന്തവാടിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലെ വേദിയിലേക്ക് എത്തുമ്പോൾ സമയം 12.04. വാദ്യമേളങ്ങളോടെ വേദിയിലേക്ക് വരവേൽപ്പ്. കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ചെത്തിയ എം.എസ് വിശ്വനാഥൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മണ്ഡലമെന്ന സവിശേഷതയും സുൽത്താൻ ബത്തേരിക്കുണ്ട്. സി.പി.എമ്മിൽ ചേർന്ന ആദിവാസി സമരനായിക സി.കെ. ജാനുവിനൊപ്പം പ്രവർത്തിച്ചിരുന്ന ബിജു കാക്കത്തോടിന് സ്വീകരണവും ഒരുക്കിയിരുന്നു. സർക്കാരിന്റെ നേട്ടങ്ങളിൽ തന്നെയായിരുന്നു പിണറായിയുടെ പ്രസംഗത്തിലുടനീളം ഊന്നൽ. 12.48ന് വേദി വിട്ട് നേരെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലേക്ക്. ഇടതുമുന്നണി സ്ഥാനാർത്ഥിയും എൽ.ജെ.ഡി ചെയർമാനുമായ എം.വി.ശ്രേയാംസ് കുമാറിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ശേഷം നേരെ കൽപ്പറ്റ ഗസ്റ്റ് ഹൗസിലേക്ക്.
ഉച്ച കഴിഞ്ഞ് 3.20ന് കൽപ്പറ്റ എസ്.കെ. എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിലെ വേദിയിലെത്തുമ്പോൾ വൻജനാവലിയാണ് നാടിന്റെ നായകനെ കാണാനെത്തിയത്. സി.കെ.ശശീന്ദ്രൻ എം. എൽ.എ കൽപ്പറ്റ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാർ അക്കമിട്ട് നിരത്തുന്ന വേദിയിലേക്ക് ഹർഷാരവത്തോടെയാണ് പ്രവർത്തകർ ക്യാപ്റ്റനെ വരവേറ്റത്. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സ്ഥാനവും വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ച് എൽ.ജെ.ഡിയിൽ ചേർന്ന പി.കെ.അനിൽകുമാർ, ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് പി.എ മുഹമ്മദ് അടക്കം വേദിയിൽ ഉണ്ടായിരുന്നു. വൈകീട്ട് 04.02ന് പ്രസംഗം അവസാനിപ്പിച്ചു. നേരെ കോഴിക്കോട് ജില്ലയിലേക്ക്.