mukundan
മുകുന്ദൻ പള്ളിയറ

മാനന്തവാടി: മാനന്തവാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മുകുന്ദൻ പള്ളിയറ (41) മത്സരിക്കും. നിരവധി സമരങ്ങളിൽ പങ്കെടുത്ത മുകുന്ദൻ കുന്നംപറ്റ ഭൂസമര നേതാവാണ്. പട്ടികവർഗമോർച്ച സംസ്ഥാന അദ്ധ്യക്ഷനാണ്. ബി.ജെ.പി കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, എസ്.ടി മോർച്ച സംസ്ഥാന സെക്രട്ടറി തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കണിയാമ്പറ്റ പള്ളിയറ തറവാട്ടിലെ അംഗമായ മുകുന്ദൻ ചിത്രമൂല ക്ഷീരസഹകരണസംഘത്തിന്റെ ഡയറക്ടറായിരുന്നു. ആർ.എസ്.എസിലൂടെ പൊതു പ്രവർത്തനരംഗത്തെത്തിയ മുകുന്ദൻ വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള വിവിധസമരങ്ങളിൽ പങ്കാളിയായിട്ടുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മാനന്തവാടിയിൽ ബി.ജെ.പി അട്ടിമറി വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ: സീത, മക്കൾ: ഗായത്രി, ഗൗതം.