മാനന്തവാടി: നവമാദ്ധ്യമങ്ങളിലെ കഴിഞ്ഞ ദിവസത്തെ താരം തൃശിലേരി ചേക്കോട്ട് കാളനിയിലെ വെള്ളമ്മയായിരുന്നു. 80 കഴിഞ്ഞ വെള്ളമ്മ താരമായത് തൃശിലേരി ചേക്കോട്ട്കുന്നിലെ എൽ.ഡി.എഫ് കുടുംബയോഗത്തിലെ ഒരൊറ്റ പ്രസംഗത്തിലൂടെയാണ്. 'നമ്മളെപോലെ പണിയെടുക്കുന്ന കേളുവേട്ടനെ ഇനിം ജയിപ്പിക്കണം.വോട്ട് കൊടുക്കണം. കോളനീലെ ഓരോ വീട്ടിലും ഇപ്പം വെള്ളം തലയിൽ വെച്ച് കൊണ്ടുപോകണ്ട..വെള്ളത്തിന് പ്രശ്‌നമില്ല ..പെൻഷൻ മാസം മാസം കിട്ടുന്നുണ്ട്. സമരം കൊണ്ടാണ് നമ്മളെല്ലാം നേടിയത്.' തുടങ്ങി എൽ.ഡി.എഫിന്റെ വികസന നേട്ടങ്ങൾ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഗോത്രഭാഷയിലുള്ള സ്വന്തം പ്രസംഗത്തിൽ വെള്ളമ്മ പറഞ്ഞു വെച്ചു. വെള്ളമ്മയുടെ പ്രസംഗം നവമാദ്ധ്യമങ്ങളിൽ പലരും പങ്കുവെച്ചതോടുകൂടിയാണ് വെള്ളമ്മ താരമായത്. 80 കഴിഞ്ഞെങ്കിലും പാർട്ടിപരിപാടികളിൽ കൃത്യമായി അവർ പങ്കെടുക്കും. പ്രായത്തിന്റെ അവശതകൾ മറന്ന് വെള്ളമ്മ മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി ഒ.ആർ കേളുവിനായി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ്.