mvs
ചൂരൽമലയിലെ സ്വീകരണ യോഗത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാർ സംസാരിക്കുന്നു

കൽപ്പറ്റ: മണ്ഡലത്തിന്റെ മനസ് അടുത്തറിഞ്ഞാണ് കൽപ്പറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ശ്രേയാംസ് കുമാറിന്റെ പര്യടനയജ്ഞം. എതിർമുന്നണിക്കാരുടെ പൊള്ളത്തരം പറയാൻ സമയം കണ്ടെത്തുന്നതിനു പകരം നാടിന്റെ വികസന മുന്നേറ്റത്തിനായി വോട്ട് തേടി ജനങ്ങളെ സമീപിക്കുകയാണ് അദ്ദേഹം.

ഇന്നലെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ആദ്യദിവസമായിരുന്നു. ചൂരൽമലയിൽ പര്യടനത്തിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
പ്രസംഗഘോഷമല്ല ശ്രേയാംസിന്റേത്. അടുപ്പത്തോടെയുള്ള സംസാരമാണത്. പ്രളയകാലത്ത് പുത്തുമല ദുരന്തത്തിൽ കഷ്ടിച്ചു രക്ഷപ്പെട്ടവരെ ചേർത്തുപിടിക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും സാധിച്ചതിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കിയതാണ് പുത്തുമല ദുരന്തം. ജനപ്രതിനിധിയല്ലെങ്കിൽ പോലും പുനരധിവാസ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടായിരുന്നു. ക്യാമ്പുകളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും ദുരിതബാധിതരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനു തുണയ്ക്കാനും സാധിച്ചു. പൂത്തക്കൊല്ലിയിൽ പുത്തുമല പുനരാവിഷ്‌കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്‌നേഹഭൂമി വാങ്ങി നൽകിയത്. പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്.

തോട്ടം തൊഴിലാളികളും വ്യാപാരികളും പ്രദേശവാസികളും ഉൾപ്പെടെ നൂറു കണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ തൊഴിലാളികളും ചൂരൽമലയിലെ വിവിധ ക്ലബ്ബുകളുടെ സാരഥികളും ഹാരമണിയിച്ച് വരവേറ്റു.

നെല്ലിമുണ്ടയില സ്വീകരണയോഗത്തിന് എത്തിയ പാത്തുമ്മക്കുട്ടി ശ്രേയാംസിന് സ്‌നേഹസമ്മാനം കൈമാറി പറഞ്ഞു: ''വീട്ടിലേക്ക് വാങ്ങിയ വത്തക്കയാണ്. ഇതേ ഇപ്പോ തരാനുള്ളൂ. സർക്കാരിന്റെ പെൻഷൻ മുടങ്ങാറില്ല, അതെന്നെ മതി മരുന്ന് വാങ്ങാൻ... എന്തായാലും ജയിച്ച് വാ..."

ആദ്യദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം പടിഞ്ഞാറത്തറയിൽ സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ചൂരൽമല, നെല്ലിമുണ്ട, മേപ്പാടി, കുന്നമ്പറ്റ, ചുണ്ടൽ എസ്റ്റേറ്റ്, ചുണ്ടേൽ, വൈത്തിരി, പഴയ വൈത്തിരി, കോളിച്ചാൽ, സുഗന്ധഗിരി 12ാം പാലം, പെരുങ്കോട, പൊഴുതന, ആനോത്ത്, അച്ചൂർ, ആറാം മൈൽ, കാവുംമന്ദം, ചെന്നലോട്, വീട്ടിക്കാമൂല എന്നിവിടങ്ങൾ പിന്നിട്ടായിരുന്നു പടിഞ്ഞാറത്തറയിലെ സ്വീകരണ യോഗം.