kc
ബത്തേരിയിൽ യു.ഡി.എഫ് നേതൃയോഗം കെ.സിവേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

സുൽത്താൻ ബത്തേരി: കേരളത്തിലെ തിരഞ്ഞെടുപ്പ് സർവേകൾ വെറും പി ആർ എക്‌സസൈസ് മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

ഇടതുമുന്നണി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണല്ലോ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷത്തെ ജനദ്രോഹ നടപടികൾ മറച്ചു വെക്കാനുള്ള തന്ത്രമാണ് സർവേകൾക്കു പിന്നിൽ. ഒരേ കമ്പനി തന്നെ സർവേ നടത്തി മൂന്ന് ചാനലുകൾക്ക് നൽകുകയല്ലേ. ഇതിലൊന്നും ജനം വീഴില്ല. സർവേ പ്രവചനം തെറ്റില്ലെന്നാണെങ്കിൽ ബീഹാറിൽ നിതീഷ്‌ കുമാർ മുഖ്യമന്ത്രിയാകുമായിരുന്നോ?. കേരളത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേറും.
വയനാട്ടിലെ ജനങ്ങൾ ഇത്തവണ വോട്ട് ചെയ്യേണ്ടത് വഞ്ചനയ്ക്കെതിരെയാണ്.ഇവിടെ ഏറ്റവും കൊട്ടിഘോഷിച്ചതാണല്ലോ ബഫർ സോൺ. കേന്ദ്ര സർക്കാർ ബഫർ സോണിന്റെ കരട് വിജ്ഞാപനം ഇറക്കിയപ്പോൾ ഞങ്ങൾ പാർലമെന്റിൽ ചോദ്യമുന്നയിച്ചതാണ്. രാഹുൽ ഗാന്ധി കത്തയക്കുകയും ചെയ്തു. ഇതിന് മന്ത്രിയുടെ മറുപടി, കേരള സർക്കാർ അയച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരട് വിജ്ഞാപനം ഇറക്കിയെന്നാണ്. വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ച ഇടതു സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞടുപ്പെന്നും വേണുഗോപാൽ പറഞ്ഞു.


യു ഡി എഫ് നേതൃയോഗം
സുൽത്താൻ ബത്തേരി : യു.ഡി.എഫ് ബത്തേരി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഐ.സി.ബാലകൃഷ്ണന്റെ തിരഞ്ഞടുപ്പ് പ്രചാരണാർത്ഥം ബത്തേരിയിൽ ഒരുക്കിയ നേതൃയോഗം എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ടി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി നിരീക്ഷകൻ യു.ടി.ഖാദർ, കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രഹം,യു.ഡി.എഫ് ജില്ലാ ചെയർമാൻ എൻ.ഡി.അപ്പച്ചൻ, പി.വി.ബാലചന്ദ്രൻ, കെ.എൽ.പൗലോസ്, പി.പി.അയ്യൂബ്, എം.എ.അസൈനാർ, കെ.കെ.വിശ്വനാഥൻ, ഉമ്മർ കുണ്ടാട്ടിൽ, ജോസഫ് പെരുവേലിൽ, സി.പി.വർഗ്ഗീസ്, അബ്ദുള്ള മാടക്കര,ഇ.എ.ശങ്കരൻ, പി.വി.ഉണ്ണി, കെ.എ.വർഗീസ്, സ്ഥാനാർത്ഥി ഐ.സി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.