mv-shreyams-kumar

കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥിയും എൽ.ജെ.ഡി സംസ്ഥാന ചെയർമാനുമായ എം.വി. ശ്രേയാംസ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചത് തമിഴ്നാട് അതിർത്തിക്കടുത്തുളള വടുവഞ്ചാലിൽ. KL.11AL 8001 ചുവന്ന ഇന്നോവ കാറിൽ രാവിലെ ഒമ്പതരയോടെ സ്ഥാനാർത്ഥി എത്തി. ആവേശത്തോടെയുള്ള മുദ്രാവാക്യം വിളികൾ ഏറ്റുവാങ്ങി സ്വീകരണവേദിയിലേക്ക് എത്തുമ്പോൾ സി.കെ. ശശീന്ദ്രൻ എം.എൽ.എ പ്രസംഗിക്കുകയായിരുന്നു. 'വടുവഞ്ചാൽ എവിടെയാണെന്ന് ഗൂഗിൾ മാപ്പ് നോക്കി മനസിലാക്കേണ്ട അവസ്ഥ ശ്രേയാംസിനില്ല. വയനാടിന്റെ മുക്കും മൂലയും അദ്ദേഹത്തിനറിയാം. ഒാരോരുത്തരെയും പേരെടുത്ത് വിളിക്കാനറിയാം.....' സി.കെ. ശശീന്ദ്രൻ പറഞ്ഞു. പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയെ സ്മരിച്ചുകൊണ്ടായിരുന്നു ശ്രേയാംസ് കുമാറിന്റെ പ്രസംഗം. തന്റെ കുടുംബവുമായി എ.കെ.ജിക്കുണ്ടായിരുന്ന ബന്ധം അദ്ദേഹം വിവരിച്ചു. 1951ൽ മൂത്തച്ഛൻ പത്മപ്രഭാഗൗഡരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എ.കെ.ജിയായിരുന്നു വയനാട്ടിൽ വന്ന് പ്രവർത്തിച്ചത്. പതിനെട്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. അന്ന് മൂത്തച്ഛനുവേണ്ടി പ്രവർത്തിച്ച രണ്ടു പേർ ശ്രേയാംസിന്റെ പ്രചാരണത്തിന് മുൻപന്തിയിൽ ഉണ്ട്. സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി.എ. മുഹമ്മദും വി.പി. ശങ്കരൻ നമ്പ്യാരും. ഇവരാണ് ഇൗ തോട്ടം മേഖലയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

എം.പി. വീരേന്ദ്രകുമാറിന്റേതു പോലെയുളള പ്രസംഗ ശൈലിയാണ് ശ്രേയാംസിന്റേതും. കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നു. 'നിങ്ങൾ രണ്ടു തവണ എന്നെ തിരഞ്ഞടുത്തു. ഇത്തവണയും വിജയിപ്പിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ വയനാടിനായി ഏഴായിരം കോടിയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ചെയ്യാൻ പറ്റുന്നതേ പിണറായി പറയാറുളളു. പാക്കേജ് നടപ്പിലാക്കാൻ വീണ്ടും ഇടത് മുന്നണി അധികാരത്തിൽ വരണം. അതിന് ഒരാേരുത്തരും സഹായിക്കണം.' ശ്രേയാംസ് കുമാറിന്റെ അഭ്യർത്ഥന.

അടുത്ത സ്വീകരണസ്ഥലത്തേക്കു പുറപ്പെടുമ്പോൾ അഭിമുഖത്തിനായി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കയറി. അഞ്ചുവർഷത്തെ ഭരണനേട്ടവും സി.കെ. ശശീന്ദ്രൻ എം.എൽ.എ യുടെ വികസന പ്രവർത്തനങ്ങളും അദ്ദേഹം വിവരിച്ചു. വയനാട് മെഡിക്കൽ കോളേജ് അഞ്ചു വർഷത്തിനുളളിൽ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയൊരു വയനാടാണ് ലക്ഷ്യം. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കി.ടൂറിസത്തിന് വയനാട്ടിൽ ഏറെ സാദ്ധ്യതയുണ്ട്. പുതിയ പദ്ധതികൾ കൊണ്ടുവരണം. - ശ്രേയാംസ് പറഞ്ഞു.

നെടുങ്കരണ, റിപ്പൺ, താഴെ അരപ്പറ്റ, നെടുമ്പാല എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മുക്കുംകുന്നിൽ എത്തിയപ്പോഴാണ് ഒരു രാഷ്ട്രീയ മാറ്റത്തിന്റെ വാർത്തകൂടി കേട്ടത്. കെ.പി.സി. വൈസ് പ്രസിഡന്റും മുൻ എം.എൽഎയുമായ കെ.സി.റോസക്കുട്ടി രാജിവച്ച് സി.പി.എമ്മിൽ ചേർന്നു. നെല്ലിമാളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഒന്നരയോടെ സി.കെ. ശശീന്ദനൊപ്പം സുൽത്താൻ ബത്തേരിയിലെ റോസക്കുട്ടിയുടെ വീട്ടിലേക്ക് കുതിച്ചു. സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി, കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ച് സുൽത്താൻ ബത്തേരിയിലെ ഇടത് സ്ഥാനാർത്ഥിയായി മാറിയ എം. എസ്. വിശ്വനാഥൻ എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. എങ്ങും സന്തോഷത്തിന്റെ നിമിഷങ്ങൾ. വാഴവറ്റ, കാക്കവയൽ, മുട്ടിൽ, പരിയാരം, മടക്കിമല. കമ്പളക്കാട്, കണിയാമ്പറ്റ, കൂടോത്തുമ്മൽ, വരദൂർ, കരണി, അരിമുള, നടവയൽ, നെല്ലിയമ്പം എന്നിവിടങ്ങളിലും ശ്രേയാംസ് ഇന്നലെ പ്രചാരണത്തിനെത്തി.