rosakutty

സുൽത്താൻ ബത്തേരി: കെ.പി.സി.സി വൈസ് പ്രസിഡന്റും എ.ഐ.സി.സി അംഗവും മുൻ വനിതാ കമ്മിഷൻ ചെയർപേഴ്സണുമായ കെ.സി. റോസക്കുട്ടി പാർട്ടിയിലെ സ്ഥാനങ്ങളും അംഗത്വവും രാജിവച്ച് സി.പി. എമ്മിൽ ചേർന്നു. വയനാട്ടിലെ ഏക ജനറൽ സീറ്റായ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ഇവർ. സ്ത്രീകളോട് കോൺഗ്രസ് നേതൃത്വം തുടർന്നുവരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്ത്രീകൾക്ക് മാന്യമായ അംഗീകാരം നൽകിമുന്നോട്ട് പോകാൻ കോൺഗ്രസിന് കഴിയില്ല. ഇപ്പോൾ ഗ്രൂപ്പ് പോരുകളുടെ കാലമാണ്. അവരവരുടെ ആളുകളെ കയറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തെ ഗ്രൂപ്പുകൾക്ക് പുറമെ ഹൈക്കമാൻഡിന്റെ ഗ്രൂപ്പ് കൂടി ഉണ്ടായിരിക്കുകയാണ്.
കോൺഗ്രസിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് കോൺഗ്രസ് നേതൃത്വത്തിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തപ്പോൾ അവരെ അവഹേളിക്കുകയും സൈബർ ആക്രമണം നടത്താനുമാണ് തുനിഞ്ഞത്.
വയനാട് ജില്ലയിൽ യോഗ്യരായ ആളുകൾ ഉണ്ടായിട്ടും പുറത്തുനിന്നുള്ളവർ സ്ഥാനാർത്ഥികളായി കടന്നുവരുന്നത് ജില്ലയിലെ കോൺഗ്രസ് നേതാക്കളോടുള്ള വെല്ലുവിളിയാണ്. നേതൃത്വത്തിന്റെ കാഴ്ചപ്പാടിൽ വയനാട്ടിൽ യോഗ്യരായ ആരും ഇല്ലെന്നാണ് കൽപ്പറ്റയിലെ സ്ഥാനാർത്ഥി നിർണയത്തിലൂടെ തെളിയിച്ചിരിക്കുന്നത്. 1991-1996 വരെ ബത്തേരി എം.എൽ.എയായിരുന്നു കെ.സി. റോസക്കുട്ടി.

സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ.ശ്രീമതി,കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ച് സുൽത്താൻ ബത്തേരിയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.എസ് വിശ്വനാഥൻ,സി.കെ.ശശീന്ദ്രൻ എം. എൽ. എ,സി.പി.എം ജില്ലാ നേതാക്കൾ,കൽപ്പറ്റയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാർ എന്നിവർ ഇന്നലെ റോസക്കുട്ടിയെ വീട്ടിൽ സന്ദർശിച്ചു.