കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാറിന്റെ തിരഞ്ഞെടപ്പ് പ്രചാരണം തോട്ടം തൊഴിലാളി മേഖലയിൽ മുന്നേറുമ്പോൾ അദ്ദേഹത്തോടൊപ്പം നിഴൽ പോലെ നീങ്ങിയ ആ രണ്ടു പേരെ എത്ര പേർ ശ്രദ്ധിച്ചുകാണും?. ഒാരോ സ്വീകരണ കേന്ദ്രത്തിൽ നിന്നും അടുത്തതിലേക്ക് കാരണവന്മാരെപ്പോലെ ഒപ്പം തന്നെയുണ്ടായിരുന്നു ഇരുവരും; പി.എ.മുഹമ്മദും വി.പി.ശങ്കരൻ നമ്പ്യാരും. പതിറ്റാണ്ടുകൾക്കു മുമ്പ് ശ്രേയാംസിന്റെ മുത്തച്ഛൻ പത്മപ്രഭ ഗൗഡർക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തിറങ്ങിയവരാണ് ഈ കമ്മ്യൂണിസ്റ്റ് പോരാളികൾ. പിന്നീട് അദ്ദേഹത്തിന്റെ മകൻ എം.പി.വീരേന്ദ്രകുമാർ വയനാട്ടിൽ മത്സരിച്ചപ്പോഴൊക്കെ ഒപ്പം സജീവമായുണ്ടായിരുന്നു. മൂന്നാംതലമുറക്കാരൻ ശ്രേയാംസിനൊപ്പവും വിടാതെ കൂടെയുണ്ട് ഈ മുതിർന്ന നേതാക്കൾ.
മുഹമ്മദിന് 81 വയസ്സെങ്കിൽ ശങ്കരൻ നമ്പ്യാരുടെ പ്രായം 84. പ്രായാധിക്യത്തിന്റെ അല്ലലറിയാതെ ഇടതുമുന്നണിയ്ക്ക് വോട്ടിനായുള്ള ഓട്ടത്തിലാണിവർ. ഒരു കാലത്ത് വയനാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര പ്രവർത്തകരായിരുന്നു ഇരുവരും. പാർട്ടി പിളർന്നതോടെ സി.പി.എമ്മിനൊപ്പം ഉറച്ചുനിന്നു. വയനാടിന്റെ മുക്കിലും മൂലയിലുമെത്തി പാർട്ടി വളർത്തി. തോട്ടം തൊഴിലാളി മേഖലയിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. കങ്കാണി സമ്പ്രദായത്തിനെതിരെ വീറോടെ പോരാടി. കൂലി വർദ്ധനവിന് വേണ്ടി സമരം നയിച്ചു.
1951ലെ പൊതു തിരഞ്ഞെടുപ്പിൽ ദ്വയാംഗ മണ്ഡലമായിരുന്നു വയനാട്. ജനറൽ സീറ്റിലും പട്ടിക വർഗ സംവരണ സീറ്റിലുമായാണ് തിരഞ്ഞെടുപ്പ്. സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി പത്മപ്രഭ ഗൗഡറായിരുന്നു. എതിർ സ്ഥാനാർത്ഥി മദിരാശി മന്ത്രിസഭാംഗമായിരുന്ന കോഴിപ്പുറത്ത് മാധവമേനോനും. വാഴവറ്റയിലെ മധുരയായിരുന്നു സംവരണ സീറ്റിൽ മത്സരിച്ചത്. ആ തിരഞ്ഞടുപ്പിൽ പത്മപ്രഭാ ഗൗഡറുടെ വിജയം കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യമായിരുന്നു. മുഹമ്മദും ശങ്കരൻ നമ്പ്യാരും സജീവമായി തന്നെ അദ്ദേഹത്തിനു വേണ്ടി രംഗത്ത് വന്നു. ഗൗഡർ വിജയിച്ചത് 18,000 വോട്ടിന്റെ ഭൂരിപക്ഷത്തിന്.
പിന്നീട് ഇരുവരും എം.പി. വീരേന്ദ്രകുമാറിന്റെ പല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ചുക്കാൻ പിടിച്ചു. പി.എ. മുഹമ്മദ് അപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു. വി.പി.ശങ്കരൻ നമ്പ്യാർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും. വീരേന്ദ്രകുമാറിന്റെ മകൻ എം.വി.ശ്രേയാംസ് കുമാർ നേരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്നപ്പോഴും വിജയക്കൊടി പാറിക്കാൻ മുൻനിന്നു പ്രവർത്തിച്ചു ഇരുവരും. പിന്നീട് മുന്നണി വിട്ട ജനതാദൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും എൽ.ഡി.എഫിലെത്തിയതോടെ ശ്രേയാംസ് തന്നെയായി കൽപ്പറ്റയിലെ ഇത്തവണത്തെ സ്ഥാനാർത്ഥി. വിജയമുറപ്പിക്കാൻ മുഹമ്മദും
ശങ്കരൻ നമ്പ്യാരും മുൻനിരയിൽ തന്നെയുണ്ട്.