കൽപ്പറ്റ: പരിചിത മണ്ണിനെ ഇളക്കിയൊരുക്കി വിള കൊയ്യാൻ വീറോടെ പി.കെ ജയലക്ഷ്മിയുടെ പടയോട്ടം. തവിഞ്ഞാൽ പഞ്ചായത്തിലെ പാലോട് തറവാട്ടിൽ നിന്ന് ഒരു ദോശയും ചായയും കഴിച്ച് കാലത്ത് ഏഴ് മണിക്ക് ഇറങ്ങിയതാണ് മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ജയലക്ഷ്മി. എട്ടരയ്ക്ക് എടവക പഞ്ചായത്തിലെ വേങ്ങലോട് കോളനിയിലേക്കാണ് ആദ്യ യാത്ര. മൂളിത്തോട് എത്തുമ്പോൾ സമയം ഒമ്പത് കഴിഞ്ഞു. വഴി നീളെ പ്രവർത്തകർ. കാണുന്നവരോടെല്ലാം കുശലാന്വേഷണവും വോട്ടഭ്യർത്ഥനയും. കല്ലോടിയിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ജംഷീദ ഷിഹാബ്, കുന്നത്ത് മത്തച്ചൻ, ജോർജ് പടകൂട്ടിൽ എന്നിവർ കാത്തുനിൽക്കുന്നു. അവരോടൊപ്പം കുനിക്കരച്ചാലിൽ എത്തിയപ്പോൾ അറുപത്തിയഞ്ച് കഴിഞ്ഞ ലക്ഷ്മിയുടെ നന്ദി പ്രകടനം. ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോഴായിരുന്നു അവർക്ക് വീട് അനുവദിച്ചത്. വീട്ടിൽ കൂടുമ്പോൾ നിങ്ങൾ മന്ത്രിയല്ലാതായിപ്പോയെന്ന ലക്ഷ്മിയുടെ സങ്കടം പറച്ചലിന് സാരമില്ലെന്ന ആശ്വാസ മറുപടിക്കൊപ്പം വോട്ടഭ്യർത്ഥനയുമായി മടക്കം. മൂളിത്തോട്, അഞ്ചാംപീടിക, അയില മൂല, കാപ്പുംകുന്ന് കോളനി എന്നിവിടങ്ങളിലെല്ലാം ആവേശകരമായ വരവേൽപ്പാണ് ഒരുക്കിയിരുന്നത്. സ്ഥാനാർത്ഥിയെ കാണാനെത്തിയ പലർക്കും പലവിധ സങ്കടങ്ങൾ. എല്ലാം ഒരു കുടുംബാംഗത്തെപ്പോലെ കേട്ട് ജയലക്ഷ്മി. അതിനിടെ അഞ്ചാംമൈലിൽ ഒരു മരണ വീട്ടിൽ പോകാനുണ്ടെന്ന് പ്രവർത്തകന്റെ അറിയിപ്പ്. അവിടെ എത്തുമ്പോഴേക്കും മയ്യത്ത് നിസ്ക്കാരം കഴിഞ്ഞിരുന്നു. കുടിയേറ്റ ഗ്രാമമായ കല്ലോടിയിലായിരുന്നു അടുത്ത സ്വീകരണം. യു.ഡി.എഫിന് ഏറെ സ്വാധീനമുളള പ്രദേശം. ടൗണിലെ ഒാരോ കടകളിലും കയറിയിറങ്ങി വോട്ടഭ്യർത്ഥന. എടവക പഞ്ചായത്തിലെ പതിനേഴാം വാർഡിലെത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ ഷിഹാബ് കാത്തുനിൽക്കുന്നു. ജംഷീദയുടെ സ്വന്തം വാർഡിലെത്തിയ സ്ഥാനാർത്ഥിയേയും കൂട്ടി കടകമ്പോളങ്ങളിൽ കയറിയിറങ്ങി വോട്ടുചോദിക്കൽ. അതിനിടെ കല്ലോടി സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ പോകണമെന്ന് പ്രവർത്തകരിലൊരാൾ. അദ്ധ്യാപികയായ സിസ്റ്റർ റെജിന്റെ സന്യാസ ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കാനായി അദ്ധ്യാപികമാർ ഒത്തു കൂടിയിരിക്കുന്നു. ക്ഷണിക്കാതെയെത്തിയ വിശിഷ്ടാതിഥിയെ കണ്ടപ്പോൾ സിസ്റ്റർക്കും സന്തോഷം. തിരിക്കും നേരത്ത് ഹൈസ്കൂളിൽ ഹ്രസ്വ സന്ദർശനം. കമ്മോം നാല് സെന്റ് കോളനിയിൽ എത്തുമ്പോഴേക്കും സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. പത്തരയ്ക്ക് എത്തേണ്ട സ്ഥലത്ത് രണ്ട് മണിക്കൂർ വൈകിയിട്ടും ആദിവാസികൾ തിങ്ങിക്കൂടി നിൽക്കുന്നു. ഒാരോ കോളനിയിലും കയറിയിറങ്ങി വോട്ടഭ്യർത്ഥന. കമ്മോം, കാരാങ്കോട്, എള്ളുമന്ദം സ്‌കൂൾ (വാക്‌സിനേഷൻ ക്യാമ്പ്) , അഗ്രഹാരം എന്നിവിടങ്ങളിലെല്ലാം വൻ ജനാവലിയാണ് ജയലക്ഷ്മിയെ സ്വീകരിക്കാനെത്തിയത് . എല്ലാവരോടും കുശലാന്വേഷണം. പാണ്ടിക്കടവ് കോളനിയിൽ എത്തുമ്പോൾ സമയം 2.45. പുതിയിടംകുന്നിൽ കോൺഗ്രസ് നേതാവ് കെ.ജെ.പൈലിച്ചേട്ടന്റെ വീട്ടിലായിരുന്നു ഉച്ച ഭക്ഷണം. കാരാങ്കോട്, രണ്ടേ നാൽ, പള്ളിക്കൽ, എരണക്കൊല്ലി, ചേമ്പിലോട്, കുണ്ടറ മൂല, പുതിയിടം കുന്ന്, പായോട് (മരണവീട് ), കുടുംബ സംഗമം, കാരക്കുനി, പാലമൊക്ക് പൊതുയോഗം, മാങ്ങലാടി കോളനി എന്നിവിടങ്ങളിലൊക്കെ സന്ദർശിച്ച് മടങ്ങുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. പിരിയും നേരത്ത് ജയലക്ഷ്മിയിൽ നിന്ന് പ്രതികരണവും വന്നു ഇത്തവണ വിജയം ഉറപ്പാണ് കോട്ടോ.