neerappu
മാത്യു -മേരി ദമ്പതികളുടെ വീട്ടിലെത്തിയ ഐ.സി.ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി: കുടിയേറ്റ കേന്ദ്രമായ പുൽപ്പള്ളി-മുള്ളൻകൊല്ലി മേഖലയിലെ കർഷക ജനതയുടെ മനസ് കീഴടക്കികൊണ്ടായിരുന്നു ഐ.സി ബാലകൃഷ്ണന്റെ മണ്ഡല പ്രചാരണം.

കാലത്ത് ഏഴരയോടെയാണ് ഐ.സി.ബാലകൃഷ്ണൻ കുടിയേറ്റമേഖലയിലെത്തിയത്. കോൺഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന പ്രമുഖ കർഷകൻ സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ മാത്യു-മേരി ദമ്പതികളുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയാണ്‌ വോട്ടർമാരെ കാണാൻ തിരിച്ചത്.

94 വയസായ മാത്യുവും 90 വയസായ മേരിയും ഇപ്പോഴും കാർഷികവൃത്തിയിൽ സജീവമായി നിലകൊള്ളുന്നതിനെപ്പറ്റി അിറഞ്ഞ രാഹുൽഗാന്ധി ഈ ദമ്പതികളെ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. റോസാപൂവ് നൽകിയാണ് നിരപ്പുതൊട്ടിയിൽ കുടുംബാംഗങ്ങൾ സ്വീകരിച്ചത്. അൽപ്പസമയത്തെ കുശലന്വേഷണങ്ങൾക്ക്‌ശേഷം നേരെ പ്രചരണപരിപാടിയുടെ ഉദ്ഘാടനകേന്ദ്രമായ പെരിക്കല്ലൂരിലേക്ക്.
അവിടെ കടകളിലും റോഡിനിരുവശവുമുള്ള വീടുകളിലും കയറി വോട്ടഭ്യർത്ഥന നടത്തി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിറ്റ് ലഭിക്കാതെപോയതിനെ തുടർന്ന് ഗ്രാമ പഞ്ചായത്തിലേക്ക് സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച ജോസിനെ അദ്ദേഹത്തിന്റെ കടയിൽ ചെന്ന് കണ്ടതോടെ ഐ.സി യുമായുള്ള പിണക്കം അവസാനിച്ചു. ഐ.സിക്ക് സ്വീകരണം നൽകുന്നതിന്‌ പ്രവർത്തകർ ഉണ്ടാക്കിയ മാലയിലേക്ക് ഏതാനും നോട്ടുകളും നൽകി. പ്രചാരണപരിപാടി മുൻ ഡി.സി.സി പ്രസിഡന്റ് കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി. മുഹമ്മദ്, കൺവീനർ കെ.കെ.അബ്രഹാം, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് വിജയൻ,അസീസ്, വർഗ്ഗീസ് മുരിയൻകാവിൽ ,കെ.കെ.വിശ്വനാഥൻ, എൻ.എം.വിജയൻ തുടങ്ങിയവർ സംസാരിച്ചു.
പത്തരയോടുകൂടി രണ്ടാമത്തെ സ്വീകരണകേന്ദ്രമായ പാതിരിയിലേക്ക്.
കർണാടകയിലെ വരണ്ട കാലാവസ്ഥയിൽ കുടിയേറ്റമേഖല ചുട്ടുപൊള്ളിക്കിടക്കുകയാണ്. മാവിൻ ചുവടിലെ സ്വീകരണത്തിന്‌ശേഷം കുടിയാൻമലയിലെത്തിയ സ്ഥാനാർത്ഥി റോഡ് പണി നടത്തുന്നവരുടെ അടുത്തെത്തിയപ്പോൾ വാഹനം നിർത്തി തൊഴിലാളികളോട് കുശലന്വേഷണം നടത്തി.
പട്ടാണികൂപ്പിൽ സ്ത്രീകളടക്കം നിരവധിപേർ എം.എൽ.എയുടെ പര്യടന പരിപാടിയിൽ പങ്കാളികളാകുന്നതിന് കാത്തിരുന്നിരുന്നു.

തുടർന്ന്‌ചേലൂര് ,മരക്കടവ് ഡിപ്പോ,മരക്കടവ്, കബനിഗിരി എന്നിവിടങ്ങളിലെത്തി. ഒരോ സ്വീകരണകേന്ദ്രങ്ങളിലും വീടും കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യങ്ങളാണ്‌വോട്ടർമാർ പ്രധാനമായും ഉന്നയിച്ചത്.

കബനിഗിരിയിലെ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ അടുത്ത മാസം 26-ന് നടക്കുന്ന വിവരംക്ഷേത്ര ട്രസ്റ്റി വിജയൻ ഓർപ്പിപ്പിച്ചതോടെ ദൈവത്തിന്റെ കാര്യമല്ലെ എന്തായാലും വരും എന്ന് ഉറപ്പ് നൽകാനും മറന്നില്ല. പാടിച്ചിറയിലെ മുഴുവൻ കടകളിലും ഓഫീസുകളിലും കയറിവോട്ട് അഭ്യർത്ഥിച്ചു. അതുവഴി വന്ന വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് മൊബൈലിൽ സെൽഫി എടുത്തു. തുടർന്ന് സീതാമൗണ്ടിലേക്ക്. ലോമാസ്റ്റ് ലൈറ്റിന്റെയും കുടിവെള്ളത്തിന്റെയും ബുദ്ധിമുട്ട് മാത്യു എന്ന കർഷകൻ സ്ഥാനാർത്ഥിയെ ഓർമ്മിപ്പിച്ചു.ഉടൻ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകി. മുള്ളൻകൊല്ലി പഞ്ചായത്തിലെ സ്വീകരണത്തിനും വോട്ടഭ്യർത്ഥനയ്ക്കുംശേഷം രാത്രി വൈകിയാണ് പുൽപ്പള്ളിയിലെ പ്രചരണം സമാപിച്ചത്.