
കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ ഏക ജനറൽ സീറ്റാണ് കൽപ്പറ്റ. അതുകൊണ്ട് കൽപ്പറ്റ സീറ്റിന് വേണ്ടി യു.ഡി.എഫിലുണ്ടായ 'അടി' ചെറുതായിരുന്നില്ല. മൽപ്പിടുത്തത്തിൽ കാലിടറി വീണവരിൽ വമ്പൻമാരും ഉണ്ടായിരുന്നു. ഫൈനലിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ധീഖിനായിരുന്നു വിജയം. ഇതോടെ കൽപ്പറ്റ സീറ്റ് മോഹിച്ച് ചുരം കയറി ആരും വരേണ്ടെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം തുറന്നിടിച്ചു. സിദ്ധിഖാണെന്ന് ഉറപ്പായതോടെ കോൺഗ്രസിൽ നിന്ന് രാജിയും തുടങ്ങി. സി.പി.എമ്മിലും ജനതാദളിലും പലരും ഇടം തേടി. കെ.പി.സി.സി ഉപാദ്ധ്യക്ഷയും മുൻ എം.എൽ.എയും വനിതാ കമ്മീഷൻ ചെയർപേഴ്സണുമായിരുന്ന കെ.സി.റോസക്കുട്ടി സി.പി.എമ്മിൽ ചേർന്ന് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണ രംഗത്താണ്. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ.അനിൽകുമാർ എൽ.ജെ.ഡിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവുമായ സുജയ വേണുഗോപാലും സി.പി.എമ്മിലെത്തി.
കോൺഗ്രസിലെ എത്രയോ പേരെ വളർത്തിയതും തളർത്തിയതുമായ മണ്ഡലമാണ് കൽപ്പറ്റ. 1952 കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കോഴിപ്പുറത്ത് മാധവമേനോനെ പ്രജാ സോഷ്യലിസ്റ്റ് പർട്ടിയിലെ എം.പി. പത്മപ്രഭാ ഗൗഡർ പരാജയപ്പെടുത്തിയിട്ടുണ്ട്. 1957ൽ വയനാടിന്റെ ശിൽപ്പിയെന്ന് പേര് കേട്ട കോൺഗ്രസിലെ എം.കെ.ജിനചന്ദ്രനോട് എം.പി. പത്മപ്രഭാ ഗൗഡർ പരാജയപ്പെടുകയും ചെയ്തു. കൊല്ലം ജില്ലക്കാരനായ ബി.വെല്ലിംഗ്ടൺ 1965, 67 കാലയളവിൽ കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 67ൽ അദ്ദേഹം മന്ത്രിയുമായി.1970ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി.സിറിയക് ജോണും, 1977ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡോ.കെ.ജി. അടിയോടിയും 1980, 82ൽ എം.കമലവും കൽപ്പറ്റയിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. മൂവരും ചുരം കയറി വന്നവർ. 1982ൽ എം.കമലം മന്ത്രിയുമായി.1987ൽ കൽപ്പറ്റയിൽ നിന്ന് എം.പി.വീരേന്ദ്രകുമാർ വിജയിച്ച് മന്ത്രിയുമായി. മുസ്ലീം ലീഗിലെ സി.മമ്മൂട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒരു ദിവസം കൊണ്ട് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വന്നു.