janu
നൂൽപ്പുഴയിലെ കോളനി സന്ദർശിക്കുന്നതിനിടെ ജാനു കുഞ്ഞിനെ എടുത്ത് ലാളിക്കുന്നു.

സുൽത്താൻ ബത്തേരി : ജയിച്ചാൽ മാത്രം പോരാ... എങ്കക്കുള്ള അവകാശം കൂടി നീങ്ക എനാക്കു വാങ്ങി തരണം... മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത അറുപത്തഞ്ചുകാരി ചമ്മി സ്ഥാനാർത്ഥി സി.കെ. ജാനുവിനെ കണ്ടപ്പോൾ ഓർമ്മിച്ചു.

മുത്തങ്ങ ഭൂസമര നായികയായിരുന്ന എൻ.ഡി.എ ബത്തേരി മണ്ഡലം സ്ഥാനാർത്ഥി സി.കെ.ജാനു പഴയകാല സഹപ്രവർത്തകരെ കണ്ട് വോട്ട് ചോദിക്കുന്നതിനായി ചുണ്ടപ്പാടി പണിയകോളനിയിലെത്തിയതായിരുന്നു. ഒന്നാംഘട്ട പര്യടനത്തിന് ശേഷം ഇന്നലെ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ജാനുവിന്റെ പര്യടനം. രാത്രിയാത്രാ നിരോധനം, വയനാട് റെയിൽവേ, തീരദേശ ഹൈവേ, ബൈരക്കുപ്പ പാലം, ബഫർ സോൺ പ്രശ്‌നം തുടങ്ങി വയനാടിന്റെ പ്രധാന പ്രശ്‌നങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയാണ് ജെ.ആർ.പി യുടെ അദ്ധ്യക്ഷകൂടിയായ സി.കെ.ജാനു താമര ചിഹ്നത്തിൽ വോട്ട് തേടുന്നത്.
കാലത്ത് തന്നെ കോളനിയിലേക്ക് പുറപ്പെടാൻ തുടങ്ങുമ്പോൾ സ്ഥാനാർത്ഥിയ്ക്ക് കലശലായ നടുവേദന. പിന്നെ സംശയിച്ചില്ല. ആശുപത്രിയിൽ പോയി ചികിത്സ തേടി. ഒരു മണിക്കൂറോളം വൈകി 11 മണിയോടെയാണ് കല്ലുമുക്ക് ചുണ്ടപ്പാടി കോളനിയിലെത്തിയത്. മുത്തങ്ങ സമരത്തിനിടെ നേരിടേണ്ടി വന്ന പൊലീസിന്റെ കൊടിയ മർദ്ദനത്തിന്റെ ബാക്കിപത്രമായി നടുവേദന ഇടയ്ക്കിടെ അലട്ടുകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം.
പോകാൻ നേരത്ത് ഊരു മുപ്പൻ നാരായണനെ ചൂണ്ടി ജാനു പറഞ്ഞു എല്ലാ കാര്യവും ഇനി അവരെ ഏൽപ്പിച്ചാൽ മതി.

മുത്തങ്ങ ഭൂസമരത്തിന് ശേഷം 13 പേർക്കാണ് മേപ്പാടി വെള്ളരിമലയിൽ സ്ഥലം കിട്ടിയത്. ഇനിയും കോളനിയിലെ 80 പേർക്ക് സ്ഥലം കണ്ടെത്താനുണ്ടെന്ന് നാരായണൻ പറഞ്ഞു.

മൻമഥൻ പാളി കോളനിയിലേക്കായിരുന്നു യാത്ര. പലരും ജാനുവിനോടൊപ്പം ഭൂസമരത്തിൽ പങ്കെടുത്തവരായിരുന്നു.
കല്ലൂരിലെ ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചശേഷമാണ് സി.കെ.ജാനു അടുത്ത കോളനിയിലേക്ക് യാത്ര തിരിച്ചത്‌. വനമേഖലയോട് ചേർന്നുള്ള കോളനികളിലേക്ക് നടന്നായിരുന്നു യാത്ര. കോളിപ്പാടി, കണ്ണങ്കോട്, തീണൂർ, തേതാർ, വട്ടക്കുനി, മുണ്ടക്കൊല്ലി കോളനികളിലാണ് ഇന്നലെ പര്യടനം പൂർത്തീകരിച്ചത്.