ചൂടിൽ പിടിച്ചുനിൽക്കാനാവാതെ കോഴികൾ
ആലപ്പുഴ: വേനൽ കടുത്തതോടെ കോഴികളെ പകർച്ചവ്യാധികൾ പിടികൂടുന്നു. കോഴി വളർത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 19 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇതിൽ വരുന്ന നേരിയ മാറ്റങ്ങൾ പോലും ഇവയുടെ ആരോഗ്യത്തെയും മുട്ട ഉത്പാദനത്തെയും സാരമായി ബാധിക്കും.
വേനൽക്കാലത്ത് ശരിയായ പരിചരണം നൽകിയില്ലെങ്കിൽ കോഴികൾ ചത്തൊടുങ്ങും. വേനൽ രോഗങ്ങൾക്കെതിരെ കരുതൽ വേണമെന്നാണ് മൃഗസംരക്ഷണ അധികൃതർ നൽകുന്ന നിർദ്ദേശം. ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും പക്ഷികളിലും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഒരു കോഴിക്ക് അസുഖം കണ്ടെത്തിയാൽ ഉടൻ അതിനെ മറ്റു കോഴികളിൽനിന്നു മാറ്റി നിറുത്തുകയും മരുന്നുകൾ നൽകുകയും വേണം. ഇല്ലെങ്കിൽ സമ്പർക്കത്തിലൂടെയും വായുവിലൂടെയും മറ്റു കോഴികൾക്കും അസുഖമുണ്ടാവും. രോഗം ബാധിച്ച കോഴികളെ ഉടൻ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കണം.
പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയാൽ അസുഖം പടർന്നുപിടിക്കുന്നതു തടയാം. മുട്ടക്കോഴികളിൽ മുട്ട ഉത്പാദനം 30 മുതൽ 40 ശതമാനംവരെ പെട്ടെന്ന് കുറയുന്നതിനൊപ്പം മുട്ടയുടെ വലിപ്പവും പുറംതോടിന്റെ കനവും കുറഞ്ഞ് മുട്ടകൾ പെട്ടെന്ന് പൊട്ടുന്നതിനും ഉഷ്ണസമ്മർദ്ദം കാരണമാവും. കൂടുകളിൽ അടച്ചിട്ട് വളർത്തുന്ന പക്ഷികളാണ് ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുക. മുട്ടക്കോഴികളേക്കാൾ ബ്രോയിലർ ഇറച്ചിക്കോഴികളെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിക്കുക.
ലക്ഷണങ്ങൾ
നന്നായി തീറ്റയെടുത്തിരുന്ന കോഴികൾ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കും. ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, ധാരാളം വെള്ളം കുടിക്കൽ, തണലിടങ്ങളിൽ കൂട്ടമായി തൂങ്ങിനിൽക്കുന്നതുമെല്ലാം ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. വേനൽക്കാലത്ത് കോഴിവസന്ത, കോഴിവസൂരി എന്നിവയും കണ്ണിൽ ബാധിക്കുന്ന അസുഖവുമാണ് കൂടുതലായി കണ്ടു വരുന്നത്. ഉയർന്ന അന്തരീക്ഷ ആർദ്രതയും 30 ഡിഗ്രി സെൽഷ്യസിനു മീതെ അന്തരീക്ഷതാപനില ഉയരുന്നതും കോഴികളുടെ ശരീര താപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കുന്നു. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ബാഷ്പീകരണത്തിലൂടെ അധിക ശരീരതാപം പുറന്തള്ളാൻ കഴിയാതെ പക്ഷികൾ സമ്മർദ്ദത്തിലാവും. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം കൂട്ടത്തോടെ ചാവുകയും ചെയ്യും.
.........
പരിഹാരം
ശുദ്ധമായ വെള്ളം ലഭ്യമാക്കാൻ ശ്രദ്ധിക്കണം
തുളസി, മഞ്ഞൾ, പനിക്കൂർക്ക എന്നിവ അടങ്ങിയ വെള്ളം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നൽകണം
അസോള പോലെ ജലാംശം കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ തീറ്റയായി നൽകുക
പച്ചിലകൾ കൂടുതലായി തീറ്റയിൽ ഉൾപ്പെടുത്തുക
തണൽ കൂടുതലുള്ള ഭാഗങ്ങളിൽ കോഴികളെ വളർത്താൻ ശ്രദ്ധിക്കണം
കോഴിത്തീറ്റയിൽ പൂപ്പൽ വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണം
തീറ്റപ്പാത്രങ്ങൾ കഴുകി വൃത്തിയാക്കണം
കോഴിക്കൂട്ടിൽ ഈർപ്പം നിലനിറുത്തണം
......
തീറ്റ ക്രമീകരണം
ഉയർന്ന ചൂടുകാരണം തീറ്റയെടുക്കുന്നത് കുറയുന്നതിനാൽ, കുറഞ്ഞ അളവിൽ കൂടുതൽ പോഷകമൂല്യം അടങ്ങിയ തീറ്റകൾ വേണം നൽകേണ്ടത്. തീറ്റ ചെറുതായി നനച്ച് നൽകുന്നതും നല്ലതാണ്. കഴിച്ച് 4 മുതൽ 6 മണിക്കൂറിന് ശേഷമാണ് ദഹനപ്രക്രിയയ്ക്കിടെ താപം ശരീരത്തിൽ ഉത്പ്പാദിപ്പിക്കുക. പുറത്ത് തണുത്ത അന്തരീക്ഷമാണെങ്കിൽ ഈ താപം വേഗം പുറന്തള്ളാൻ കഴിയും. അതിരാവിലെയോ വൈകിട്ടോ രാത്രിയിലോ വേണം കോഴികൾക്ക് തീറ്റ നൽകാൻ. ഒരു സമയം മൊത്തം തീറ്റയും നൽകുന്നതിന് പകരം തവണകളായി നൽകണം.
...............
വേനൽക്കാലത്ത് ശ്രദ്ധയോടെവേണം കോഴികളെ പരിചരിക്കാൻ. ഫാം നടത്തുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തും. പരിചരണം കൃത്യമായാൽ വേനൽക്കാലത്ത് മുട്ട ഉത്പാദനത്തിൽ കുറവ് വരില്ല
(നസീർ, ഫാം ഉടമ)