photo

ചേർത്തല: വൃക്ക നൽകാൻ അച്ഛൻ തയ്യാറാണെങ്കിലും അരുൺ ജീവിതത്തിലേക്കു മടങ്ങിയെത്താൻ നാടിന്റെ കനിവു വേണം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാർഡിൽ എസ്.എൽ പുരം കണ്ണങ്കേരിൽ പ്രതാപന്റെയും രാധാമണിയുടേയും ഇളയ മകൻ അരുൺ (ഉണ്ണിക്കുട്ടൻ-24) ആണ് ഇരു വൃക്കകളും തകരാറിലായി ദുരിതത്തിൽ കഴിയുന്നത്.

ജനിച്ച് ആറാം മാസം മുതൽ മൂത്രത്തിൽ പഴുപ്പ് വന്ന അരുണിന് ആലപ്പുഴ,കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രോഗം എന്തെന്ന് കണ്ടെത്താനായില്ല. 12-ാം വയസിൽ ന്യൂറോ ഡോക്ടറുടെ പരിശോധനയിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാവുന്നത് കണ്ടെത്തി. സ്വാഭാവികമായി വിസർജ്ജിക്കപ്പെടുന്ന മൂത്രം മുഴുവനായി പുറന്തള്ളപ്പെടാതെ തിരിച്ച് വൃക്കയിലേക്കു പ്രവേശിക്കുകയായിരുന്നു. അണുബാധ ഉണ്ടായതോടെ വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. മൂത്രാശയ സഞ്ചിയിലെ തകരാർ മൂലമാണ് മൂത്രം തിരികെ വൃക്കയിലേക്ക് എത്തുന്നതെന്ന് വളരെ വൈകിയാണ് കണ്ടെത്തിയത്. ആരോഗ്യ സ്ഥിതി മോശമായ അരുണിന് ആഴ്ചയിൽ രണ്ട് തവണ വീതം ഡയാലിസിസ് നടത്തുകയാണ്. ജന്മനാ ഒരു വൃക്ക പൂർണമായി വളരാതെ തകരാറിലായിരുന്നു. മൂത്രാശയ സഞ്ചിയിലെ തകരാർ പരിഹരിക്കാൻ മേജർ ശസ്ത്രക്രിയ നടത്തിയതിന് ശേഷം വൃക്കമാറ്റിവച്ചാൽ മാത്രമേ അരുണിന്റെ ജീവൻ രക്ഷിക്കാനാകൂ.നിലവിൽ കോട്ടം മെഡി. ആശുപത്രിയിൽ ചികിത്സയിലുള്ള തിങ്കളാഴ്ച ,ആദ്യഘട്ട ശസ്ത്രക്രിയ നടക്കും. 30 ദിവസത്തിന് ശേഷം വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും നടത്തണം.

കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രതാപൻ വൃക്ക നൽകുമെങ്കിലും ഭാരിച്ച തുക കണ്ടെത്താനുള്ള കഴിവില്ല. ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനായി അരുണിന്റെയും പഞ്ചായത്തംഗം മാലൂർ ശ്രീധരന്റെയും പേരിൽ സംയുക്തമായി ഫെഡറൽ ബാങ്ക് മാരാരിക്കുളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 12750100241237.IFS കോഡ്:FDRL0001275.

 ചികിത്സാ സഹായ നിധി

അരുണിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് അംഗം മാലൂർ ശ്രീധരൻ ചെയർമാനായ കമ്മിറ്റിയുടെ ജനറൽ കൺവീനർ അനിൽ വെള്ളശേരിയാണ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും വീടുകളിൽ നിന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം സ്വരൂപിക്കാനാണ് നീക്കം.ഇതിനായി കൂടിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി,എസ്.രാധാകൃഷ്ണൻ,ആർ. മനോഹരൻ,എം.ഡി. രാജപ്പകുറുപ്പ്,ഗായത്രി എന്നിവർ സംസാരിച്ചു.