ആലപ്പുഴ: കഞ്ഞിപ്പശ ചേർത്ത് വടി പോലെ ഇസ്തിരിയിട്ട വസ്ത്രങ്ങളിൽ നിന്ന് സ്ഥാനാർത്ഥികൾ, കൊടുംചൂട് ഭയന്ന് ലിനൻ വേഷങ്ങളിലേക്ക് ചുവടു മാറ്റുന്നു.
കോട്ടൺ, ഖാദി വസ്ത്രങ്ങളോടാണ് രാഷ്ട്രീയ നേതാക്കൾക്ക് കമ്പമെങ്കിലും അസഹനീയ ചൂടിൽ അല്പമെങ്കിലും ആശ്വാസം പകരാൻ ലിനൻ വസ്ത്രങ്ങൾക്കു കഴിയും. മീറ്ററിന് ആയിരം രൂപയോളമാണ് തുണി വില. സ്ഥാനാർത്ഥികൾക്കൊപ്പം നേതാക്കളും കാശുള്ള പ്രവർത്തകരും ചൂട് പ്രതിരോധത്തിനുള്ള പുതുവഴികൾ തേടി എത്തുന്നത് ലിനനിലേക്കാണ്. കോൺഗ്രസുകാരാണ് ലിനൻ വസ്ത്രങ്ങൾ തേടി കൂടുതലായി എത്തുന്നതെന്ന് വസ്ത്രശാലക്കാർ പറയുന്നു. വെള്ള ഷർട്ടും മുണ്ടും ധരിച്ചോ വെള്ളയുടെ വകഭേദങ്ങളുള്ള സാരി ഉടുത്തോ മാത്രം സ്ഥാനാർത്ഥികൾ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന കാലമൊക്കെ പോയി. വേഷവിധാനത്തിലെ വർണവൈവിദ്ധ്യങ്ങളാണ് രാഷ്ട്രീയ ഭേദമെന്യേ പോസ്റ്ററുകളിൽ നിറയുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഡിസൈനർമാരാണ് ഒട്ടുമിക്ക സ്ഥാനാർത്ഥികളുടെയും വസ്ത്രങ്ങൾ തയ്യാറാക്കി നൽകുന്നത്. വസ്ത്രങ്ങളുടെ അളവും നിറവും ഓൺലൈൻ ആയി നൽകിയാൽ നാലു ദിവസത്തിനകം തയ്ച്ച് വീട്ടുപടിക്കലെത്തിക്കും.
വില വിഷയമാണ്
മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ശരീരത്തിന് കൂടുതൽ ആശ്വാസം തോന്നിപ്പിക്കുന്നവയാണ് ലിനൻ വസ്ത്രങ്ങൾ. ചൂട് പ്രതിരോധത്തിന് ഉത്തമം. ഖാദി, കോട്ടൺ തുണിത്തരങ്ങളെ അപേക്ഷിച്ച് വില അല്പം മുന്നിൽ നിൽക്കുമെന്നു മാത്രം. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രമാണ് ലിനൻ. കീടാണു പ്രതിരോധ ശേഷിയുണ്ട്. പെട്ടന്ന് ചുളിയുകയുമില്ല.