വാരണപ്പള്ളി തറവാടും ചേവണ്ണൂർ കളരിയും തീർത്ഥാടന കേന്ദ്രമാകുന്നു
കായംകുളം: ശ്രീനാരായണ ഗുരുദേവൻ താമസിച്ച് പഠിച്ച പുതുപ്പള്ളി വാരണപ്പള്ളി തറവാടും ചേവണ്ണൂർ കളരിയും തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് ഗുരുഗുലം ശാഖായോഗത്തിൽ പുതുതായി പണിതീർത്ത ഗുരുദേവ ധ്യാനകേന്ദ്രം. ഗുരുമന്ദിരത്തിന് പകരം ഭക്തർക്ക് ഗുരുവിനെ ധ്യാനിക്കുവാനുള്ള വേറിട്ട ഒരു സംവിധാനമെന്ന ആശയമുൾക്കൊണ്ടാണ് ധ്യാനകേന്ദ്രം ഒരുക്കിയത്.
കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളീയ വാസ്തുശില്പ മാതൃകയിൽ 35 ലക്ഷം ചെലവിട്ടാണ് നിർമ്മാണം. 300 ചതുരശ്ര അടിയുള്ള മണ്ഡപത്തിൽ ഒരേസമയം 25 പേർക്ക് നിലത്ത് ധ്യാനത്തിലിരിക്കാൻ കഴിയും. വെളിച്ചമില്ലാത്ത മുറി ശീതീകരിച്ചതാണ്.
ഗുരുദേവ പ്രതിഷ്ഠ ഇവിടെയില്ല. പകരം നേർത്ത വെളിച്ചത്തിൽ ഗുരുവിന്റെ അദൃശ്യ രൂപം മുന്നിലുള്ള ഭിത്തിയിൽ സിമന്റിൽ കോറിയിട്ടിട്ടുണ്ട്. പരചിന്ത കൂടാതെ ഏകാഗ്രമായി ഗുരുദേവനിൽ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയാവും ഇവിടത്തെ ധ്യാനം. ആദ്യ ഘട്ടത്തിൽ രാവിലെയും വൈകിട്ടുമാണ് മണ്ഡപം തുറക്കുന്നത്. ധ്യാനം പരിശീലിപ്പിക്കാൻ ഗുരുക്കൻമാരും ഉണ്ടാകും.
എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ 6163-ാം നമ്പർ ശാഖയാണ് വാരണപ്പള്ളി ഗുരുകുലം ശാഖ. പുതുപ്പള്ളി കരുണാലയത്തിൽ കരുണാകരപ്പണിക്കരുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മകൻ ജയകുമാറാണ് ധ്യാനകേന്ദ്രം നിർമ്മിച്ച് നൽകിയത്. ഗുരുദേവൻ താമസിച്ച വാരണപ്പള്ളി വീടിന്റെ പിന്നിലുള്ള വിശാലമായ വയലിന് നടുവിലാണ് ധ്യാനമണ്ഡപം.