ആലപ്പുഴ: മത്സരരംഗത്തില്ലെങ്കിലും മന്ത്രി ജി. സുധാകരൻ തിരക്കിലാണ്. നിരവധി തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള അഴിമതിമുക്ത പരിവേഷമുള്ള അണികളുടെ 'ജി' സ്റ്റാർ കാമ്പെയിനറാണ്. തങ്ങളുടെ മണ്ഡലത്തിലെത്തി ഒരു തവണയെങ്കിലും പ്രസംഗിക്കണമെന്നാണ് മിക്ക സ്ഥാനാർത്ഥികളുടെയും ആവശ്യം. റോഡുകളും പാലങ്ങളും സൂപ്പറായതിനാൽ വേഗം ഓടിയെത്താമല്ലോയെന്ന് പറഞ്ഞപ്പോൾ ഗൗരവമേറിയ ആ മുഖത്ത് ചിരി വിരിഞ്ഞു. ജി. സുധാകരൻ 'കേരളകൗമുദിയോട് സംസാരിക്കുന്നു.
? ഭരണത്തുടർച്ചയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മത്സരരംഗത്തില്ലാത്തത് വിഷമിപ്പിക്കുന്നോ
ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പറയുന്നത് കേൾക്കും. വികസനത്തിനാണ് വോട്ടെങ്കിൽ ഇത്തവണ ഇടതുമുന്നണി വൻ മുന്നേറ്റം നടത്തും. പൊതുമരാമത്ത് നിർമ്മാണങ്ങൾ, സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിൽ ഇപ്പോഴത്തെപ്പോലൊരു വികസനമുണ്ടായിട്ടുണ്ടോ. ഭക്ഷ്യ, അവശ്യവസ്തു ക്ഷാമമില്ല. ക്ഷേമ പെൻഷനുകൾക്ക് മുടക്കമില്ല. വർഗീയ കലാപങ്ങളില്ല.
? അരി വിതരണവും ഇരട്ടവോട്ടുമാണല്ലോ തിരഞ്ഞെടുപ്പിലെ വിവാദം
അരി വിവാദം ഉണ്ടാക്കേണ്ടിയിരുന്നില്ലെന്ന് യു.ഡി.എഫുകാരിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പെടുത്ത തീരുമാനം നടപ്പാക്കി. അത് വലിയ പ്രശ്നമാക്കേണ്ടിയിരുന്നില്ല. ഇരട്ടവോട്ട് ഗുരുതര വീഴ്ചയാണ്. അതിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഉത്തരവാദിത്വമില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം.
? ആലപ്പുഴയിലെ സ്ഥാനാർത്ഥികളിൽ മിക്കവരും പുതുമുഖങ്ങൾ, എന്താണ് ട്രെൻഡ്
പുതുമുഖങ്ങൾക്ക് അവസരം നൽകാൻ പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ തവണ ഒമ്പതു മണ്ഡലങ്ങളിൽ എട്ടും ഇടതുമുന്നണിക്കായിരുന്നു. ജയിച്ച സീറ്റുകൾ നഷ്ടമാകില്ല. ചില മണ്ഡലങ്ങളിൽ നല്ല മത്സരമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് ജയിച്ചത് 18,000ത്തിലധികം വോട്ടുകൾക്കാണ്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഡ് 5000 ത്തിലേക്ക് ചുരുങ്ങിയെന്ന് ഓർക്കണം.
? മിക്ക തിരഞ്ഞെടുപ്പുകളിലും ആലപ്പുഴയിൽ ഒരു ലീഡറുടെ റോൾ താങ്കൾക്കുണ്ടല്ലോ
സ്ഥലപരിചയമാണ് പ്രധാനം. പിന്നെ ജനങ്ങൾക്കുള്ള വിശ്വാസം. കമ്മ്യൂണിസ്റ്റ് ചട്ടക്കൂടുകളിൽ നിന്ന് അണുവിട മാറില്ല. പ്രവർത്തകർക്കും ജനങ്ങൾക്കും എന്നിൽ വിശ്വാസമുണ്ട്.
? മനസിൽ തങ്ങിനിൽക്കുന്ന തിരഞ്ഞെടുപ്പ് ഓർമ്മ
1982 ൽ കുട്ടനാട്ട് ആദ്യമായി മത്സരിക്കുന്നു. ഇടതുമുന്നണി സ്ഥിരമായി 12,000 ത്തിലധികം വോട്ടുകൾക്ക് തോൽക്കുന്ന മണ്ഡലം. പ്രചാരണത്തിരക്കുകൾക്കിടയിലായിരുന്നു വിവാഹം. പിന്നീട് ഭാര്യയെ കൂട്ടിക്കൊണ്ടാണ് വോട്ടു തേടാനിറങ്ങിയത്. ഭാര്യയെ രാമങ്കരിയിലെയും കിടങ്ങറയിലെയും ഏതെങ്കിലും പ്രവർത്തകരുടെ വീടുകളിൽ ഇരുത്തും. രാത്രി ഒരുമിച്ച് വീട്ടിലേക്ക് മടങ്ങും. ആ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി. ആലപ്പുഴ കാർമ്മൽ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ഞങ്ങളുടെ വിവാഹത്തിന് വി.എസ്. അച്യുതാനന്ദനാണ് താലിമാല എടുത്തു നൽകിയത്. ആരും സമ്മാനം തരരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി വേദിയിലെത്തിയ കൈനകരി സ്വദേശിയായ പ്രായമുള്ളയാൾ പോക്കറ്റിൽ നിന്ന് ഒരു കവറെടുത്ത് നീട്ടി. വി.എസിന് അയാളെ പരിചയമുണ്ടായിരുന്നുവെന്ന് തോന്നുന്നു. വാങ്ങിക്കോളാൻ വി.എസിന്റെ നിർദ്ദേശം. കവർ പൊട്ടിച്ചപ്പോൾ പത്തു രൂപ. ഒരിക്കലും മറക്കാനാവില്ല ആ നിമിഷവും ആ സ്നേഹവും.
?രജനികാന്തിന് ഫാൽക്കെ ലഭിച്ചതിനെപ്പറ്റി?
വ്യത്യസ്തമായ ആശയങ്ങളും അഭിനയമികവുമുള്ള നടനാണ് രജനികാന്ത്. അർഹതയ്ക്ക് കിട്ടിയ അംഗീകാരമാണിത്. വളരെ സന്തോഷം.