ആലപ്പുഴ: ഓണത്തിനിടയ്ക്കെന്തു പൂട്ടുകച്ചവടം എന്നു പറഞ്ഞ പോലെയാണ് തിരഞ്ഞെടുപ്പ് പോര് കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ പച്ചക്കറി വിലയെപ്പറ്റിപ്പറയുന്നത്. എന്നാൽ വീട്ടമ്മമാർക്ക് എന്തുവന്നാലും പച്ചക്കറിവിലയിലെ ഏറ്റക്കുറച്ചിലുകൾ തന്നെയാണ് പ്രധാനം.
പച്ചക്കറി ഇനങ്ങളിൽ മിക്കതിനും വില കീഴോട്ട് വന്നതും അടുക്കള ബഡ്ജറ്റിന് വലിയ ആശ്വാസമായിരിക്കുകയാണ്. കൊച്ചുള്ളിയുടെയും സവാളയുടെയും വില പകുതിയിൽ താഴെയെത്തി.
കിലോവില 150 രൂപ വരെ കടന്നുപോയ കൊച്ചുള്ളിക്ക് അടുത്തിടെ 100 മുത ൽ90 വരെ എന്ന വില തുടരുകയായിരുന്നു. പക്ഷേ ഇപ്പോൾ 25 മുതൽ 40 രൂപ വരെ വില കുറഞ്ഞു. ഗുണനിലവാരം അനുസരിച്ചാണ് വിലയിൽ വ്യത്യാസം.
100 രൂപ വരെയെത്തിയ സവാളയ്ക്ക് 60 മുതൽ 70 വരെയായിരുന്നു ഇതുവരെ വില. ഇപ്പോൾ പക്ഷേ 16 മുതൽ 20വരെയായി കുറഞ്ഞു. മറ്റു മിക്ക ഇനങ്ങൾക്കും വില കുറവാണ്. ഉത്പാദനം വർദ്ധിച്ചതും വരവ് കൂടിയതുമാണു വിലക്കുറവിനു കാരണമായി വ്യാപാരികൾ പറയുന്നത്. എന്നാൽ വിഷുവിന്റെ കാലത്ത് പച്ചക്കറി വില കൂടുമോയെന്നും വ്യാപാരികൾക്ക് ആശങ്കയുണ്ട്.
കേരളത്തിൽ പച്ചക്കറി കൂടുതലായി വേണ്ട ആഘോഷവേളകളിൽ തമിഴ്നാടൻ ലോബികൾ കൃത്രിമക്ഷാമം സൃഷ്ടിക്കും. കഴിഞ്ഞ തവണ കൊവിഡ് മഹാമാരി പിടിമുറിക്കിയത് കാരണം വിഷു ആഘോഷം ഇല്ലാത്തത് വ്യാപാരികൾക്കും കർഷകർക്കും നഷ്ടമായിരുന്നു.
......
# കണിയൊരുക്കാം
കണിവെള്ളരി
കണിവെള്ളരിയുമായി കഞ്ഞിക്കുഴി
ജില്ലയിൽ ജൈവ കൃഷിക്ക് പ്രസിദ്ധമാണ് കഞ്ഞിക്കുഴി. ഏക്കർ കണക്കിന് സ്ഥലത്താണ് കർഷകർ കൃഷി ഇറക്കുന്നത്. ഇത്തവണ വിഷുവിനെ മുന്നിൽ കണ്ട് കണിവെള്ളരി ഉൾപ്പടെയുള്ള പച്ചക്കറികൾ വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്. എന്നാൽ ജനുവരിയിലുള്ള കനത്ത മഴ കർഷകർക്ക് തിരച്ചിടിയായിരുന്നു. ഭൂരിഭാഗം കർഷകരുടെയും വിളയെ ഇത് ബാധിച്ചിരുന്നു.
......
കൊഴുത്തുരുണ്ട് കിറ്റ്
വിലക്കയറ്റ സമയത്തു ശോഷിച്ച് പോയ പച്ചക്കറിക്കിറ്റ് വില കുറഞ്ഞതോടെ വീണ്ടും തടിച്ചു. നേരത്തെ പരമാവധി 4 കിലോ വരെയായിരുന്നു 100രൂപയ്ക്ക് ലഭിക്കുന്ന കിറ്റിന്റെ തൂക്കം. എങ്കിൽ ഇപ്പോഴത് 6 കിലോയായി വർദ്ധിച്ചു. മുൻ കാലങ്ങളിലെ പോലെ 50 രൂപ കിറ്റും സുലഭം.
........
പച്ചക്കറി വില(കിലോ)
സവോള......................₹16
ഉള്ളി....................₹30
കിഴങ്ങ്........................₹30
കാരറ്റ്...........................₹40
തക്കാളി.......................₹20
പച്ചക്കായ...................₹ 24
കാബേജ്.....................₹30,
ബീറ്റ്‌റൂട്........................₹ 35
പച്ചമുളക്....................₹50
വെണ്ടയ്ക്ക-.....................₹20
കോവയ്ക്ക.......................₹35
കത്രിക്ക........................₹30
പച്ചമാങ്ങ......................₹40
ഇഞ്ചി .............................₹40
ഇനി വേണമെങ്കിൽ ഉള്ളിയും സവാളയും ഉപ്പിലിട്ട് വയ്ക്കാം. കല്യാണക്കാലമായതിനാൽ പാചകകാർക്കും പച്ചക്കറി വില കുറഞ്ഞത് കോളാണ്.