yogi-adityanat

ആലപ്പുഴ: കാവി കുർത്തയ്ക്കും മുണ്ടിനും മീതേ കാവിഷാളും പുതച്ച് തനി ശൈലിയിൽ, സംഘപരിവാറിന്റെ ദേശീയ മുഖങ്ങളിലെ വേറിട്ട വ്യക്തിത്വമായ യോഗി ആദിത്യനാഥ് ഹരിപ്പാട്ട് പറന്നിറങ്ങിയപ്പോൾ തിരഞ്ഞെടുപ്പിന്റെ തീച്ചൂടിൽ നിൽക്കുന്ന എൻ.ഡി.എ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റും മുൻ ജില്ലാ പ്രസിഡന്റുമായ കെ. സോമൻ മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തിലെ പ്രവർത്തകരും നേതാക്കളും യോഗിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു.

ചേപ്പാട് എൻ.ടി.പി.സി ഗ്രൗണ്ടിലെ ഹെലിപാഡിലാണ് യോഗി ലാൻഡ് ചെയ്തത്. ബ്ലാക്ക് കാറ്റ്സിന്റെ സുരക്ഷാ അകമ്പടിയിൽ 11 മണിയോടെ ഹരിപ്പാട് മാധവ ജംഗ്ഷനിലെ കൺവെൻഷൻ വേദിയിൽ. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ വേദിയിലെത്തിയ യോഗിയെ സ്ഥാനാർത്ഥി കെ.സോമൻ ഉൾപ്പടെയുള്ള നേതാക്കൾ പുഷ്പമാലയും നെൽക്കതിരും പൊന്നാടയും നൽകി വരവേറ്റു. ദേശീയ നേതാവിനെ നേരിൽ കാണാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയിരുന്നത്. ദുർഗ വേഷധാരികളായി നിരവധി പെൺകുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

'ഭാരത് മാതാ കീ ജയ്...' മൈക്കിലൂടെ ഒഴുകിയെത്തിയ, യോഗി ആദിത്യനാഥിന്റെ ജയ് വിളി സദസ് ഒന്നാകെ ഏറ്റുവിളിച്ചു. 'കേരളത്തിലെ എല്ലാവർക്കും നമസ്കാരം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെയും ആയിരക്കണക്കിന് അനുഭാവികളുടെയും ഇടയിൽ എത്താൻ സാധിച്ചത് എന്റെ സൗഭാഗ്യമാണ്'- യോഗി തന്റെ സന്തോഷം മലയാളത്തിൽ പങ്കുവെച്ചപ്പോൾ വേദിയിലും സദസിലും കൈയടി നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിൽ ആദ്യവസാനം ബി.ജെ.പി രാജ്യത്ത് കൊണ്ടുവന്ന നേട്ടങ്ങളും, കേരളത്തിന്റെ പോരായ്മകളും നിറഞ്ഞുനിന്നു.

'കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകൾക്ക് വളരാൻ പിണറായി സർക്കാർ അവസരം ഒരുക്കുകയാണ്. സുപ്രീം കോടതിയുടെ നിർദേശം ഉണ്ടായിട്ടു പോലും ലൗ ജിഹാദ് വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കേരളത്തിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിൽ എൽ.ഡി.എഫ് - യു.ഡി.എഫ് അന്തർധാര സജീവമാണ്. കേന്ദ്ര ഫണ്ടുകളെ സ്വന്തം പേരിലാക്കി മേനി നടിക്കുന്ന പിണറായി സർക്കാർ യുവാക്കളുടെ ഭാവി നശിപ്പിച്ചു. പാർട്ടി സഖാക്കൾക്ക് മാത്രം ജോലി നൽകുന്ന ഏജൻസിയായി പി.എസ്.സി മാറി. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പിന്നിലായി'- യോഗി ആരോപിച്ചു.

ബി.ജെ.പി ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി ആമുഖപ്രഭാഷണം നടത്തി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ലഭിച്ച ഭാഗ്യാനുഭവമാണ് യോഗി ആദിത്യനാഥിന്റെ സാമീപ്യമെന്ന് സ്ഥാനാർത്ഥി കെ.സോമൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. വി.ടി.രമ മുഖ്യ പ്രഭാഷണം നടത്തി. നൂനപക്ഷ മോർച്ച നേതാവ് ഡാനി പോൾ യോഗിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

 പ്രസംഗത്തിൽ ഗുരുവും

സാമൂഹ്യനീതിക്കും തുല്യതയ്ക്കും വേണ്ടി നിലകൊണ്ട നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സനാതനധർമ്മം ഉയർത്തിപ്പിടിച്ച ജീവിതമായിരുന്നു ഗുരുവിന്റേത്. ഈ നവോത്ഥാന നായകന്റെ ഉൾപ്പടെ പിൻതലമുറക്കാരായ കേരളീയർ കടന്നുവന്ന കഠിനപാതകൾ ഓർക്കുമ്പോൾ തനിക്ക് അഭിമാനം തോന്നുന്നതായും യോഗി പറഞ്ഞു.