ashlin

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ എലിവേറ്റഡ് ഹൈവേയിൽ മാളികമുക്ക് ഭാഗത്തിനു സമീപം ഇന്നലെ പുലർച്ച രണ്ടോടെ കാറും മിനിലോറിയും കൂട്ടിയിടിച്ച് ആലപ്പുഴ കളപ്പുര വാർഡിൽ ആന്റണിയുടെ മകൻ അഷ്‌ലിൻ ആന്റണി (26) മരിച്ചു. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയിൽ കുമാറിന്റെ മകൻ ജിഷ്ണുവിനെ (24) പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്ഘാടന ശേഷം എലിവേറ്റഡ് ഹൈവേ ഭാഗത്തുണ്ടാവുന്ന ആദ്യ അപകട മരണമാണിത്.

തിരുവനന്തപുരം ഭാഗത്തേക്ക് വന്ന മിനി ലോറിയും വടക്കോട്ടു പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഗതാഗത തടസമുണ്ടായി. രാവിലെയോടെയാണ് വാഹനങ്ങൾ നീക്കാനായത്. ബൈപാസിന്റെ തുടക്കമായ കളർകോട് ഭാഗത്ത് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചിരുന്നു.