കുട്ടനാട്: ചക്കുളത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വീര ഹനുമാൻ സന്നിധിയിൽ ആഞ്ജനേയോത്സവം 16 മുതൽ 20 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ക്ഷേത്ര മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു. ഉത്സവ നടത്തിപ്പിന് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം വഹിക്കും. എല്ലാ ദിവസവും ഹനുമൽ പൂജകൾ, അഭിഷേകം ഹനുമദ് കഥാപാരായണം, പ്രഭാഷണം, അഖണ്ഡനാമ ജപയജ്ഞം എന്നിവ നടക്കും. ചടങ്ങുകൾക്ക് മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. സമാപന ദിനമായ 20ന് പാൽ, പനിനീര്, കരിക്ക് തേൻ കളഭം മഞ്ഞപ്പൊടി, കുങ്കുമം, ഭസ്മം എന്നിവ കൊണ്ട് 18 അടി പൊക്കമു ള്ള ഹനുമൽ ബിംബത്തിൽ അഭിഷേകവും ഭക്തിനിർഭരമായ മൂല ക്ഷേത്ര ദർശന ഘോഷയാത്രയും നടക്കും. ഭക്തജനങ്ങൾക്ക് ഘോഷയാത്രയിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.