photo
ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന് കടക്കരപ്പള്ളിയിൽ നൽകിയ സ്വീകരണം

ചേർത്തല: സ്വീകരണ പര്യടനങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടും കുടുംബ യോഗങ്ങളിൽ പങ്കെടുത്തും വോട്ട് അഭ്യർത്ഥന നടത്തി മുന്നണി സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദിന്റെ സ്വീകരണ പര്യടനം പട്ടണക്കാട് വെട്ടക്കലിൽ നിന്നാണ് ഇന്നലെ തുടങ്ങിയത്.കടക്കരപ്പള്ളി,പട്ടണക്കാട് ഗ്രാമപഞ്ചായത്തുകളിലെ 50 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.രാത്രി പട്ടണക്കാട്ട് സമാപിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.പര്യടനത്തിന്റെ ഇടവേളകളിൽ രണ്ടു പഞ്ചായത്തുകളിലുമായി സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജ്യോതിസിന്റെ സ്വീകരണ പര്യടനം പട്ടണക്കാട് വയലാർ പഞ്ചായത്തുകളിലായി നടന്നു. കളവംകോടത്തുനിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പട്ടണക്കാട്ട് പൊതു സമ്മേളനത്തോടെ സമാപിച്ചു.വൈകിട്ട് നടന്ന ചേർത്തല വിഷൻ 2021-26 മാസ്റ്റർ പ്ലാൻ പ്രകാശനചടങ്ങ് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതീ നടേശൻ നിർവഹിച്ചു. ശബരിമല ആചാരലംഘന വിഷയത്തിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച അയ്യപ്പ സംഗമവും നാമജപ ഘോഷയാത്രയും പ്രീതീ നടേശൻ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത്തിന്റെ സ്വീകരണ പര്യടനം ആരംഭിച്ചത് തണ്ണീർമുക്കത്തായിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് ചെങ്ങണ്ടയിൽ നിന്നാരംഭിച്ച പര്യടനം മരുത്തോർവട്ടത്ത് സമാപിച്ചു. തുറന്നജീപ്പിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയുള്ള പര്യടനത്തിന് 50 ഓളം കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി.