kerala

ആലപ്പുഴ: സംസ്ഥാനത്തെ വി.ഐ.പി മണ്ഡലങ്ങളിൽ ഒന്നായ ഹരിപ്പാട്ട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് ആറിന് അവസാനിക്കാനിരിക്കെ, നാടും നഗരവും ഇളക്കിയുള്ള പ്രചാരണത്തിലാണ്. വീറും വാശിയുമായി പ്രവർത്തകർ തീപാറുന്ന പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അവസാനഘട്ടത്തിൽ പ്രയോഗിക്കാൻ അണിയറയിൽ കരുതിവച്ചിരുന്ന തന്ത്രങ്ങൾക്ക് മൂർച്ചകൂട്ടി 'മുഹൂർത്ത'ത്തിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും.

ഇനിയുള്ള ഓരോ മണിക്കൂറും വിധി നിർണ്ണായകമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്ന് വോട്ടർമാരെ ബോദ്ധ്യപ്പെടുത്തിയാണ് ഹാട്രിക് വിജയത്തിനായി ജനവിധിതേടന്നത്. ഇത് അഞ്ചാം തവണയാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.

രമേശിനെ തളക്കുകയെന്ന ലക്ഷ്യത്തിൽ എൽ.ഡി.എഫ് സി.പി.ഐയിലെ അഡ്വ. ആർ.സജിലാലിനെയും എൻ.ഡി.എ ബി.ജെ.പിയിലെ കെ. സോമനെയുമാണ് കളത്തിലിറക്കിയിട്ടുള്ളത്. സോമൻ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റാണ്.

മുന്നണികൾ പൊരിഞ്ഞ മത്സരത്തിൽ

വാഹനത്തിലുള്ള അനൗൺസ്മെന്റുകളും സ്ഥാനാർത്ഥികളുടെ ഓട്ടപ്രദക്ഷിണവും കോർണർ യോഗങ്ങളുമായി മുന്നണികൾ പൊരിഞ്ഞ മത്സരത്തിലാണ്. മത്സ്യ-കർഷക-കയർ തൊഴിലാളികളും കർഷകർ, ഇടത്തരക്കാർ, മറ്റ് ഇതര തൊഴിലാളികളെയും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥനയിലാണ് സ്ഥാനാർത്ഥികൾ.

വാഹനങ്ങളിലാണെങ്കിലും നിരത്തിലിറങ്ങി വോട്ട് ചോദിക്കുന്ന രംഗങ്ങൾ എങ്ങും കാണാം. പൊള്ളുന്ന വെയിലത്തും സ്വീകരണസ്ഥലങ്ങളിൽ സ്ഥാനാർത്ഥികളെ കാത്ത് വീട്ടമ്മമാരും പ്രവർത്തകരും നിന്ന് നാരങ്ങ വെള്ളം, ഇളനീർ, സംഭാരം എന്നിവ നൽകി ദാഹം തീർക്കാനുള്ള ഒരുക്കങ്ങളും ചില ബൂത്തുകളിൽ കണ്ടു.

പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. കടുത്ത വെയിലിന് ആശ്വാസമായി വൈകുന്നേരങ്ങളിൽ എത്തുന്ന വേനൽമഴയെ സ്ഥാനാർത്ഥികളും പ്രവർത്തകരും ആശ്വാസത്തോടെയാണ് സ്വീകരിക്കുന്നത്. മുതിർന്നവരെ ചേർത്തുപിടിച്ചും ആൾക്കൂട്ടത്തിൽ കൈവീശിയും കുരുന്നുകളെ ഓമനിച്ചും സ്ഥാനാർത്ഥികൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഓരോ സ്വീകരണ വേദികളും കടന്നു പോകുന്നത്.

ആത്മവിശ്വാസത്തോടെ ചെന്നിത്തല

ഹരിപ്പാടും രമേശുമായുള്ള അടുപ്പത്തിന് ഏറെ പഴക്കമുണ്ടെങ്കിലും അദ്ദേഹം ഈ മണ്ഡലത്തിലെ വോട്ടറായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമെന്നതാണ് ഇത്തവണത്തെ സവിശേഷത. സ്വന്തം തറവാട് സ്ഥിതിചെയ്യുന്ന ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ നിന്ന് സമീപകാലത്താണ് രമേശും കുടുംബവും ഹരിപ്പാട് നഗരസഭയിലേക്ക് പേര് മാറ്റിയത്. മത്സരിച്ചപ്പോഴൊക്കെ ഇവിടെ നിന്ന് ജയിച്ചിട്ടുള്ള ചെന്നിത്തലയ്ക്ക് ഇത്തവണയും ആത്മവിശ്വാസം ഒട്ടും കുറവില്ല.

സ്വന്തം മകനെ പോലെ ഹരിപ്പാട്ടെ വോട്ടർമാർ രമേശിന് നൽകിയ സ്നേഹവും പ്രോത്സാഹനവും എടുത്തുപറഞ്ഞാണ് രമേശ് മണ്ഡലത്തിലൂടെ പര്യടനം നടത്തുന്നത്. എല്ലാ ജില്ലകളിലും പ്രചാരണത്തിന് പോകേണ്ടി വന്നതിനാൽ ചുരുക്കം ദിവസങ്ങളിലാണ് ഹരിപ്പാട്ട് പ്രചാരണത്തിൽ ഉണ്ടായിരുന്നത്. 30ന് തുടങ്ങിയ ബൂത്ത്തല പര്യടനം ഇന്ന് സമാപിക്കും. രമേശ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ അഴിമതി തുറന്ന്കാട്ടി പ്രതിരോധത്തിലാക്കിയ പ്രവർത്തനങ്ങളും വോട്ടർമാരെ ഓർമ്മപ്പെടുത്തിയാണ് നേതാക്കളും പ്രവർത്തകരും വോട്ട് ചോദിക്കുന്നത്.

മണ്ഡലം സ്വന്തമാക്കാൻ സജിലാൽ

മണ്ഡലം സ്വന്തമാക്കാൻ എൽ.ഡി.എഫ് ഇത്തവണ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും കൊല്ലം അഞ്ചൽ സ്വദേശിയുമായ ആർ. സജിലാലിനെയാണ് രംഗത്തിറക്കിയത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണത്തിൽ ശുഭ പ്രതീക്ഷയിലാണ്. പ്രചാരണപരിപാടികളിൽ ലഭിക്കുന്ന സ്വീകാര്യതയും യുവാവെന്ന നിലയിലുള്ള പരിഗണനയും ആത്മവിശ്വാസം പകരുന്നുണ്ട്. ദിവസങ്ങൾ കൊണ്ട് മണ്ഡലത്തിൽ എല്ലാ പ്രദേശത്തും സജിലാൽ പരമാവധി വോട്ടർമാരെ കാണുന്നതിനുള്ള ശ്രമത്തിലാണ്.

താമര വിരിയിക്കാൻ കെ. സോമൻ

താമര വിരിയിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാരൻ തന്നെയായ ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റും മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ കെ. സോമനെയാണ് എൻ.ഡി.എ മത്സരിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ നിരത്തിയാണ് പ്രചാരണം. കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ജില്ലയിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഹരിപ്പാട് മണ്ഡലത്തിലായിരുന്നു.

 സവിശേഷത

നായർ, ഈഴവ സമുദായങ്ങൾക്ക് നിർണായക സ്വാധീനം. പിന്നാക്ക, ക്രിസ്ത്യൻ, മുസ്ളിം വോട്ടുകളും നിർണായകമാണ്.

 പ്രദേശം

ഹരിപ്പാട് നഗരസഭ, ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീ പഞ്ചായത്തുകൾ

 വിജയികൾ

1957മുതൽ 2016 വരെ 16 തവണ തിരഞ്ഞെടുപ്പ് നടന്നു. 9 തവണ യു.ഡി. എഫും ആറ് തവണ. എൽ.ഡി.എഫുമാണ് വിജയിച്ചത്. 2006വരെ ഒരുമുന്നണിക്കും രണ്ട് തവണയിൽ കൂടുതൽ തുടർച്ചയായി വിജയിക്കാൻ കഴിഞ്ഞിട്ടില്ല. 2006മുതൽ 2016വരെ തുടർച്ചയായി യു.ഡി.എഫ് വിജയിച്ച് ചരിത്രം സൃഷ്ടിച്ചു.

(വർഷം-വിജയി-പാർട്ടി-ഭൂരിപക്ഷം എന്നക്രമത്തിൽ)

1957- വി.രാമകൃഷ്ണപിള്ള-സ്വതന്ത്രൻ-4372

1960- എൻ.എസ്.കൃഷ്ണപിള്ള-കോൺഗ്രസ്-10,309

1965- കെ.പി.രാമകൃഷ്ണൻ നായർ-കോൺഗ്രസ്-6466

1967- സി.ബി.ചന്ദ്രശേഖര വാര്യർ-സി.പി.എം-1120

1970- സി.ബി.ചന്ദ്രശേഖര വാര്യർ-സി.പി.എം-6842

1977- ജി.പി. മംഗലത്ത് മഠം-കോൺഗ്രസ്- 2919

1980- സി.ബി.ചന്ദ്രശേഖര വാര്യർ-സി.പി.എം-3409

1982- രമേശ് ചെന്നിത്തല-കോൺഗ്രസ്-4577

1987- രമേശ് ചെന്നിത്തല-കോൺഗ്രസ്-3817

1990- പ്രൊഫ. എ.വി.താമരാക്ഷൻ-ആർ.എസ്.പി-1135(ഉപതിരഞ്ഞെടുപ്പ്)

1991- കെ.കെ.ശീനിവാസൻ-കോൺഗ്രസ്-515

1996- പ്രൊഫ. എ.വി.താമരാകഷൻ-ആർ.എസ്.പി-7218

2001- ടി.കെ. ദേവകുമാർ-സി.പി.എം-4187

2006- ബി. ബാബുപ്രസാദ്-കോൺഗ്രസ്-1886

2011- രമേശ് ചെന്നിത്തല-കോൺഗ്രസ്-5520

2016- രമേശ് ചെന്നിത്തല-കോൺഗ്രസ്-18,621

 വോട്ട് നില

2016-നിയമസഭ

രമേശ് ചെന്നിത്തല (കോൺഗ്രസ്)-75980,
പി. പ്രസാദ് (സി.പി.ഐ) -57359,
ഡി. അശ്വനി ദേവ് (ബി.ജെ.പി)-12985
ഭൂരിപക്ഷം- 18621


 2019 ലോക്സഭാ തിരഞ്ഞടുപ്പിൽ മണ്ഡലത്തിലെ വോട്ട്

അഡ്വ. ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്)-61445

എ.എം. ആരിഫ് എം.പി (സി.പി.എം)- 55601
ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി)-26238

ഭൂരിപക്ഷം-5844