ambala
തകഴി കല്ലേപ്പുറം തെക്ക് പാടശേഖരത്തെ നെല്ല് മഴയിൽ നശിക്കാതിരിക്കാൻ ടാർപ്പോളിൻ കൊണ്ട് മൂടിയിട്ടിരിക്കുന്നു

അമ്പലപ്പുഴ:ഈർപ്പത്തിന്റെ പേരിൽ മില്ലുടമ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതിനാൽ കൊയ്തെടുത്ത നെല്ല് മഴയിൽ നശിക്കുന്നു. തകഴി കല്ലേപ്പുറം തെക്ക് പാടശേഖരത്തെ നെല്ലാണ് തകഴിക്ഷേത്ര മൈതാനിയിൽ കൂട്ടിയിട്ടിരിക്കുന്നത്.

100 ഏക്കറുള്ള പാടശേഖരത്ത് 39 ചെറുകിട നാമമാത്ര കർഷകരാണുള്ളത്.10 ദിവസം മുൻപ് ഇവിടെ കൊയ്ത്ത് പൂർത്തിയാക്കി. നെല്ലെടുക്കാൻ പാടത്തേക്ക് ലോറി കയറാത്തതിനാൽ തകഴി ക്ഷേത്ര മൈതാനത്ത് സംഭരിക്കുകയായിരുന്നു. തുടർന്ന് മില്ലുടമയുടെ ഏജന്റ് എത്തി നെല്ലിന് 8 കിലോ വരെ കിഴിവാണ് (ക്വിന്റലിന് എട്ടു കിലോ അധികം) ആവശ്യപ്പെട്ടത്. 17 ശതമാനം വരെ ഈർപ്പമുണ്ടെങ്കിലും ഒരു കിലോ നെല്ല് പോലും അധികം നൽകരുതെന്ന് സർക്കാർ ഉത്തരവുണ്ട്. ഇവിടെ 18 മുതൽ 24 ശതമാനം വരെ ഈർപ്പമുള്ളതിനാൽ നെല്ല് ഉണക്കി നൽകാൻ കർഷകർ തയ്യാറാണ്. എന്നാൽ പതിരിന്റെ പേരിൽ 8 കിലോയും പിന്നീട് ഈർപ്പമനുസരിച്ച് ഓരോ കിലോ വീതം അധികം നൽകണമെന്നുമാണ് മില്ലുടമകൾ പറയുന്നത്. ഇത്രയും കനത്ത നഷ്ടം സഹിച്ച് നെല്ല് നൽകില്ലെന്ന നിലപാടിലാണ് കർഷകർ. മണിക്കൂറിന് 2000 രൂപ നൽകിയാണ് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുത്തത്. ഇതുൾപ്പെടെ ഏക്കറിന് അമ്പതിനായിരത്തോളം രൂപയാണ് കർഷകർക്ക് ചെലവായത്.കൊയ്തെടുത്ത നെല്ല് മഴയിൽ നശിക്കാതിരിക്കാൻ ടാർപ്പോളിൻ കൊണ്ട് മൂടിയിട്ടിരിക്കുകയാണ് കർഷകർ.