ph

കായംകുളം: വാരണപ്പള്ളിയും ഗുരുകുലം ശാഖയിലെ പുതിയ ധ്യാന മണ്ഡപവും തീർത്ഥാടന കേന്ദ്രമാക്കുവാൻ എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ പുതുപ്പള്ളി വാരണപ്പള്ളി ശ്രീനാരായണ ഗുരുകുലം ശാഖയിൽ പണികഴിപ്പിച്ച വിശ്വഗുരു ശ്രീനാരായണ ധ്യാന പഠന ഗവേഷണ കേന്ദ്രത്തിന്റെ സമർപ്പണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധ്യാനകേന്ദ്രം എന്ന സങ്കൽപം വേറിട്ടതാണ്. കേരളത്തിൽ മറ്റെങ്ങും ഗുരുവിനെ ആരാധിക്കുവാൻ ഇങ്ങനെ ധ്യാന മണ്ഡപം നി​ർമി​ച്ചി​ട്ടില്ല. തീർത്ഥാടന കേന്ദ്രമാക്കുന്നതിനായി എല്ലാ ശ്രീനാരായണീയരുടെയും പിന്തുണ ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ജയകുമാർ,ബോർഡ് മെമ്പർ എ.പ്രവീൺകുമാർ ,യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, എസ്.പവനനാഥൻ ,ഗീതാ നസീർ, എസ്.ധനപാലൻ, മഠത്തിൽ ബിജു, ഇ.ശ്രീദേവി ,പനക്കൽ ദേവരാജൻ ,വിഷ്ണുപ്രസാദ് ,മുനമ്പേൽ ബാബു, എന്നിവർ സംസാരിച്ചു. ശാഖായോഗം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിച്ചു.