മാവേലിക്കര: തിരഞ്ഞെടുപ്പു കാലത്ത് മാത്രം ജനങ്ങളെ കാണുന്നവരാണ് യു.ഡി.എഫും ബി.ജെ.പിയുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്. അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിനെയാണ് ജനങ്ങൾക്ക് വിശ്വാസം. എന്നാൽ ഇടതുപക്ഷത്തെ ചില മാദ്ധ്യമങ്ങൾക്ക് ഇഷ്ടമല്ല. അവർ മനസാക്ഷിയില്ലാതെ എന്തു കള്ളങ്ങളും പ്രചരിപ്പിക്കും. ഇടത് സർക്കാരുകൾ കേരളത്തെ മാറ്റിയെടുത്തു. ബ്രിട്ടീഷുകാർക്ക് ശേഷം 100 വർഷം ആയുസുള്ള പാലങ്ങൾ നിർമ്മിച്ചത് ഇടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ വള്ളികുന്നം വട്ടക്കാട്, താമരക്കുളം നാലുമുക്ക്, കരിമുളക്കൽ ഓണേത്ത്, ചുനക്കര ചന്ത, നൂറനാട് പടനിലം, മാവേലിക്കര പുന്നമൂട് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ മന്ത്രി സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, കെ.മധുസൂദനൻ, ആർ.രാജേഷ് എം.എൽ.എ, ജി.രാജമ്മ, ബി.ബിനു, ലീല അഭിലാഷ്, ജേക്കബ്ബ് ഉമ്മൻ എന്നിവർ പങ്കെടുത്തു.