ചേർത്തല: നവോത്ഥാന മതിലിനായി സഹകരിച്ചവരെ സർക്കാർ കബളിപ്പിച്ചെന്നും വനിതകളെ പുലർച്ചെ ശബരിമല സന്നിധാനത്ത് രഹസ്യമായി എത്തിച്ചപ്പോൾ ഏറെ മാനസിക വേദന ഉണ്ടായെന്നും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച അയ്യപ്പ സംഗമവും നാമജപഘോഷയാത്രയും എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഓഫീസിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രാംഗണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.
കോടതി വിധി ഉണ്ടായാലും കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ ആചാരം ലംഘിച്ച് ശബരിമലയിൽ പോകില്ല. നിലവിളക്ക് കൊളുത്തുമ്പോൾ പോലും ആചാര അനുഷ്ഠാനങ്ങൾ പാലിക്കുന്നവരാണ് ഹിന്ദു സമൂഹം. അധ:കൃതർക്ക് പൂജ നടത്താൻ അനുമതിയില്ലാത്ത കാലത്താണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.
ചേർത്തല നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്. ജ്യോതിസ്, സീമാ ജാഗരൺ മഞ്ച് സംയോജകൻ എ. ഗോപാലകൃഷ്ണൻ, ജയകൃഷ്ണൻ, ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ, സെക്രട്ടറി വി.എൻ.ബാബു, യോഗം ഡയക്ടർമാരായ അനിൽ ഇന്ദീവരം,ബൈജു അറുകുഴി, ഹിന്ദു ഐക്യവേദി നേതാക്കളായ ബിന്ദുമോഹൻ,അഡ്വ.എസ്. രാജേഷ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി.ജയചന്ദ്രൻ,നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രകാശൻ കളപ്പുരയ്ക്കൽ, ആശാമുകേഷ്, സാനു സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു.