കായംകുളം: ഇഞ്ചോടിഞ്ച് പോരാട്ടം കാണണമെങ്കിൽ കായംകുളത്തേയ്ക്ക് വരണം . പ്രചാരണം അവസാന ലാപ്പിലേയ്ക്ക് കടന്നതോടെ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറുന്നത്.
സിറ്റിംഗ് എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭ സീറ്റ് നിലനിറുത്തുന്നതിനും കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർത്ഥി അരിതാ ബാബു സീറ്റ് പിടിച്ചെടുക്കുന്നതിനും എൻ.ഡി.എ സ്ഥാനാർത്ഥിയും എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറിയുമായ പി. പ്രദീപ് ലാൽ അട്ടിമറി വിജയം പ്രീതിക്ഷിച്ചുമാണ് പോരാട്ടക്കളത്തിൽ നിറഞ്ഞു നിൽക്കുന്നത്.
1957 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ 1960 ലും 2011 ലും മാത്രമാണ് കായംകുളത്തിന്റെ എം.എൽ.എ പ്രതിപക്ഷത്ത് ഇരുന്നത്.
ഇരു മുന്നണികളേയും മാറിമാറി വരിച്ച കായംകുളം കഴിഞ്ഞ 15 വർഷമായി എൽ.ഡി.എഫിന്റെ കൈയ്യിലാണ്. പത്ത് വർഷം സി.കെ.സദാശിവനും പിന്നെ അഞ്ച് വർഷം പ്രതിഭയും. മണ്ഡലം നിലനിറുത്തേണ്ടത് എൽ.ഡി.എഫിന്റെ അഭിമാന പ്രശ്നമാണ് . ഇത്തവണയെങ്കിലും മണ്ഡലം തിരിച്ചുപിടിയ്ക്നാണ് അരിതയെ യു.ഡി.എഫ് രംഗത്ത് ഇറക്കിയത്. മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്വാധീനവും വോട്ട് വളർച്ചയുമാണ് പി. പ്രദീപ് ലാലിന് പ്രതീക്ഷ നൽകുന്നത്.
കായംകുളം നഗരസഭയും കൃഷ്ണപുരം ,ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, ചെട്ടികുളങ്ങര, ഭരണിക്കാവ് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാ മണ്ഡലം. ആകെ 208620 വോട്ടർമാരാണ് ഉള്ളത്.
യു.പ്രതിഭ
ആത്മവിശ്വാസത്തിലൂന്നിയാണ് പ്രതിഭയുടെ പ്രചാരണം . കായംകുളം താലൂക്കാണ് പ്രഥമ വാഗ്ദാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിലും താലൂക്ക് വാഗ്ദാനം നൽകിയെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല. സർക്കാരിന്റെ വികസന നേട്ടങ്ങളാണ് മറ്റൊരു പ്രചരണായുധം. പിണറായി വിജയനും കായംകുളത്ത് പ്രചാരണത്തിന് എത്തിയിരുന്നു. രണ്ടാം ഘട്ട സ്വീകരണ പര്യടനമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ന് വൈകിട്ട് നഗരത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
അരിതാ ബാബു
നക്ഷത്ര പരിവേഷത്തോടെയാണ് അരിതയുടെ പ്രചാരണം. സാധാരണ കുടുംബത്തിലെ ക്ഷീര കർഷക നാട്ടുകാരിലൊരാൾ. രാഹുൽ ഗാന്ധിയും വീട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയും നൽകിയ ആത്മവിശ്വാസം വാനോളമുണ്ട്. കായംകുളത്ത് അരിതാരവം പരിപാടി നടക്കുന്ന സമയത്താണ് വീടാക്രമണം നടന്നത്.
കായംകുളം താലൂക്ക് തന്നെയാണ് മുഖ്യ പ്രചാരണ വിഷയം. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ അറുമാസത്തിനകം താലൂക്ക് പ്രഖ്യാപിയ്ക്കുമെന്നാണ് പ്രചാരണത്തിന് എത്തിയ രമേശ് ചെന്നിത്തലയുടെ ഉറപ്പ്. രണ്ടാം ഘട്ട സ്വീകരണ പരിപാടികൾ നടക്കുന്നു.
പി.പ്രദീപ് ലാൽ.
നെഞ്ച് വിരിച്ച് ലേലേട്ടൻ എന്ന മോഹൻലാലിന്റെ ടൈറ്റിൽ സോംഗിലാണ് പ്രചാരണം കൊഴുക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞടുപ്പിലും എൻ.ഡി.എ നേടിയ അൽഭുതകരമായ നേട്ടമാണ് ആത്മവിശ്വാസം പകരുന്നത്.കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും വോട്ടായി മാറിയാൽ കായംകുളം കൂടെ പോരുമെന്ന് പ്രദീപ് ലാൽ കരുതുന്നു.കായംകുളം താലൂക്കും വികസന മുരടിപ്പുമാണ് പ്രചരണായുധം. ചിട്ടയായ പ്രചാരണമാണ് നടക്കുന്നത്. രണ്ടാം ഘട്ട പര്യടനത്തിലാണ് ഇപ്പോൾ.
---------
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ട് നില
എൽ.ഡി.എഫ് - 72956
യു.ഡി.എഫ് -61099
എൻ.ഡി.എ - 20000
-----------
2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് നില
എൽ.ഡി.എഫ് - 62370
യു.ഡി.എഫ് -58073
എൻ.ഡി.എ - 31660
-----------
2020ലെ തദ്ദേശ തിരഞ്ഞെടുപ്പ്
എൽ.ഡി.എഫ് - 69463
യു.ഡി.എഫ് -56964
എൻ.ഡി.എ - 32748.