ആലപ്പുഴ: പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ടുനാൾ കൂടി ശേഷിക്കെ ആലപ്പുഴ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർത്ഥികളും ആത്മവിശ്വാസത്തിലാണ്. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് സ്ഥാനാർത്ഥികൾക്കൊപ്പം നേതാക്കളും പ്രവർത്തകരും.
മന്ത്രി തോമസ്ഐസക്ക് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. ചിത്തരഞ്ജൻ വോട്ട് പിടിക്കുന്നത്. എം.പി എന്നനിലയിൽ ഡോ. കെ.എസ്. മനോജ് നടത്തിയ വികസനങ്ങളും രാഷ്ട്രീയത്തിന് അതീതമായ സൗഹൃദങ്ങളും വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫ് ശ്രമം. സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ വിമർശനവും കേന്ദ്ര പദ്ധതികൾ വിശദീകരിച്ചുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി വോട്ടു തേടുന്നത്.
ഇന്നലെ രാവിലെ മണ്ണഞ്ചേരിയിലെ കുടുംബയോഗങ്ങൽ ചിത്തരഞ്ജൻ പങ്കെടുത്തു. തുടർന്ന് വീടുകളും ദേവാലയങ്ങളും സന്ദർശിച്ച് വോട്ടുചോദിച്ചു. കെ.എസ്.മനോജ് രാവിലെ ആര്യാട് പഞ്ചായത്തിൽ നിശബ്ദ പ്രചാരണം നടത്തി. എ-സി കനാലിന്റെ വശങ്ങളിലെ കോളനികളും കയർഫാക്ടറികളും ദേവാലയങ്ങളും സന്ദർശിച്ചു. സന്ദീപ് വാചസ്പതി ഇന്നലെ മണ്ഡലത്തിൽ അഴിമതി സ്മാരക സന്ദർശന യാത്ര നടത്തി. വഴിച്ചേരിയിലെ അറവുശാലയിൽ വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശേഷം ഭവന സന്ദർശനവും നടത്തി.