chennithala

ഹരിപ്പാട്: പാരമ്പര്യേതര ഊർജ ഉപഭോഗം വർദ്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിന്റെ മറപിടിച്ച് അദാനി ഗ്രൂപ്പിന് ആയിരം കോടി രൂപ ലാഭം കിട്ടുന്ന 25 വർഷത്തെ കരാറിൽ കെ.എസ്.ഇ.ബിയും സോളാർ എനർജി കോർപറേഷനും ഒപ്പിട്ടത് വൻ അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വൈദ്യുതി ബോർഡ് 2019 ജൂണിലും സെപ്തംബറിലും ഒപ്പുവച്ച കരാറാണ് അദാനിയുടെ പുതിയ കച്ചവടത്തിന് വഴി തുറന്നിരിക്കുന്നത്. കാറ്റിൽ നിന്നുത്പാദിപ്പിക്കുന്ന 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കരാർ. യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ വൈദ്യുതി ലഭ്യമാണെന്നിരിക്കെയാണ് 2.82 രൂപ നിരക്കിൽ വാങ്ങുന്നത്. 25 വർഷവും കൂടിയ നിരക്കിൽ വാങ്ങേണ്ടിവരും. ഉപഭോക്താക്കൾ ഓരോ യൂണിറ്റിനും ഒരു രൂപയോളം അധികം നൽകണം.

പാരമ്പര്യേതര ഊർജ്ജത്തിന്റെ പരിധിയിൽ തിരമാലയിൽ നിന്നും സോളാറിൽ നിന്നുമുള്ള വൈദ്യുതിയും 25 മെഗാവാട്ടിനു താഴെയുള്ള ജലവൈദ്യുത പദ്ധതികളും ഉൾപ്പെടും. 25 മെഗാവാട്ടിന് താഴെയുള്ള ഒട്ടേറെ പദ്ധതികൾ കേരളത്തിലുണ്ട്. അവയിൽ നിന്ന് യൂണിറ്റിന് ഒരു രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി കിട്ടുന്നുമുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സർക്കാർ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിൻവാതിൽ വഴി സ്വീകരിച്ചത്. കൂടിയ വിലയ്ക്ക് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയതെന്തിനെന്ന് സി.പി.എമ്മും ബി.ജെ.പിയും പറയണം.

ആർക്കും പ്രാപ്യമാകുംവിധമുള്ള രേഖകളാണ് ഇരട്ട വോട്ട് സംബന്ധിച്ചു താൻ പ്രസിദ്ധീകരിച്ചത്. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. സ്‌പ്രിൻക്ളർ കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയപ്പോൾ എം.എ.ബേബി കാശിക്ക് പോയിരുന്നോ?

സി.കെ. പത്മനാഭൻ പഴയ

ഡി.വൈ.എഫ്.ഐക്കാരൻ

ബി.ജെ.പി നേതാവ് സി.കെ.പത്മനാഭൻ പഴയ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും കിട്ടുന്ന അവസരങ്ങളിൽ സി.പി.എമ്മിനെ സഹായിക്കുകയും കോൺഗ്രസിനെ വിമർശിക്കുകയും ചെയ്യുന്നത് പതിവാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കോലീബി സഖ്യത്തെക്കുറിച്ചുള്ള പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പിണറായിയെ സഹായിക്കാൻ ബി.ജെ.പിക്കുള്ളിൽ ആളുണ്ടെന്ന് ഇപ്പോൾ മനസിലായില്ലേ? ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടിന്റെ ഭാഗമാണ് സി.കെ. പത്മനാഭന്റെ പ്രസ്താവന.