അവസാന ദിവസത്തെ നിയന്ത്രണം ദഹിക്കാതെ നേതാക്കളും പ്രവർത്തകരും
ആലപ്പുഴ: കൊവിഡ് സൃഷ്ടിച്ച 'ആരോഗ്യപര'മായ കാരണങ്ങളാൽ നാളത്തെ കൊട്ടിക്കലാശം തടഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ ഔദ്യോഗികമായി ഉത്തരവിറക്കിയതോടെ, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രചാരണ സമാപനം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിരവധി പൊതുസമ്മേളനങ്ങളും റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളും നടത്തിയപ്പോൾ ഇല്ലാതിരുന്ന നിയന്ത്രണങ്ങൾ അവസാന മണിക്കൂറിൽ ഏർപ്പെടുത്തിയതിൽ എന്തർത്ഥമാണെന്നാണ് നേതാക്കളുടെ ചോദ്യം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പായതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം നാളെ എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
നാളെ വൈകിട്ട് 7 വരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്. ഇതിന് ശേഷം ടെലിവിഷൻ അടക്കമുള്ള ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിൽപ്പോലും രാഷ്ട്രീയ പ്രചാരണങ്ങൾ പാടില്ലെന്നാണ് ചട്ടം. ജില്ലയിൽ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളുടെ കൊട്ടിക്കലാശ വേദികൾ ഇതിനോടകം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി എങ്ങനെ പരിപാടി സംഘടിപ്പിക്കണമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെന്ന് നേതാക്കൾ സമ്മതിക്കുന്നു. പരസ്യ പ്രചാരണത്തിന്റെ സമാപനം എന്നതിലുപരി ഓരോ സ്ഥാനാർത്ഥിയുടെ കരുത്തും ജനസ്വാധീനവും പ്രതിഫലിക്കുന്ന പ്രക്രിയ കൂടിയാണ് കൊട്ടിക്കലാശം. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറന്നു നടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അവസാന ദിവസത്തെ നിയന്ത്രണങ്ങൾ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ദഹിക്കാതായത്.
ഇതുവരെ നടന്ന ഒട്ടുമിക്ക പ്രചാരണ പരിപാടികൾക്കും വാദ്യഘോഷങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയുണ്ടായിരുന്നു. അതിനാൽ അവസാന നിമിഷം പരിപാടിയുടെ മോടി കുറയ്ക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല.
തടവും പിഴയും
അവസാന സമയത്തിന് ശേഷവും പ്രചാരണ പരിപാടികൾ തുടർന്നാൽ രണ്ട് വർഷം വരെ തടവോ പിഴയോ, രണ്ടും കൂടിയോ ലഭിക്കാം. 1951ലെ ജനപ്രാതിനിദ്ധ്യ നിയമ പ്രകാരം, തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.
കാപ്പൻ മാതൃക
ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കി, അതിന് ചെലവാകുമായിരുന്ന തുക ജനോപകാരപ്രദമായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാലാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. ധൂർത്ത് ഒഴിവാക്കിയുള്ള വ്യത്യസ്ത മാതൃക എല്ലാ സ്ഥാനാർത്ഥികളും പിന്തുടർന്നാൽ വലിയ തുക പാഴാകാതെ സൂക്ഷിക്കാമെന്നാണ് കാപ്പന്റെ സിദ്ധാന്തം.