ചേർത്തല: തീർത്ഥാട കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളി ദിനത്തിൽ യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി
അത്ഭുത പീഡാനുഭവ തിരുസ്വരൂപം ദർശിച്ച് വിശ്വാസികൾ ആത്മ നിർവൃതി നേടി. പെസഹ വ്യാഴം ദിനത്തിൽ രാത്രി 9 മണിയോടെ പള്ളിയുടെ പ്രധാന അൾത്താരയുടെ മുന്നിൻ തിരുസ്വരൂപം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചപ്പോൾ മുതൽ തങ്കിയിലേക്ക് വിശ്വാസികൾ എത്തിതുടങ്ങിയിരുന്നു. തിർത്ഥാടകരുടെ സൗകര്യാർത്ഥം തിരുസ്വരൂപം ദുഃഖവെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ പള്ളിയുടെ പുറത്തെ പ്രധാന പന്തലിലേക്ക് മാറ്റി. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.മുൻ വർഷങ്ങളിൽ തിരുസ്വരൂപംതൊട്ട് ചുംബനത്തിനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഒഴിവാക്കി. വൈകിട്ട് 5ന് നടത്തിയിരുന്ന പ്രസിദ്ധമായ നഗരി കാണിക്കൽ പ്രദക്ഷിണം ഒഴിവാക്കി.തിരുസ്വരൂപ സന്നിധാനത്ത് പ്രത്യേക പ്രാർത്ഥനയോടെ വിശ്വാസികൾ മരമണിനാദം മുഴക്കി ഭക്തിയും, ആദരവും പ്രകടിപ്പിച്ചു.ഈ സമയത്ത് ശയന പ്രദക്ഷിണം, മുട്ടിൽ നിരങ്ങ് നേർച്ചയും നടന്നു.
തുടർന്ന് കർത്താവിന്റെ പീഡാനുഭവ അനുസ്മരണ ശുശ്രൂഷയും, വചനപ്രഘോഷണവും, കുരിശ് ആരാധനയും, ദിവ്യകാരുണ്യ സ്വീകരണവും,രാത്രി 10ന് കബറടക്കവും നടന്നു.
ഇന്ന് രാത്രി8 ന് തീ, തിരി വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന ജലാശിർവാദം, തുടർന്ന് ഉയിർപ്പ് ദിവ്യബലി.ഈസ്റ്റർ ദിനമായ നാളെ രാവിലെ 5.30 നും, 7നും, 8.30 നും ദിവ്യബലിയും നടക്കും. ഫൊറോനായുടെ കീഴിലുള്ള തൈക്കൽ, വെട്ടക്കൽ, ഒറ്റമശ്ശേരി വടക്ക്,
പട്ടണക്കാട് കുന്നുംപുറം എന്നീ ചാപ്പലുകളിലും ദിവ്യബലി ഉണ്ടാകും.