ആലപ്പുഴ : പോളിംഗ് സ്റ്റേഷനുകളിൽ ഹരിതചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല കളക്ടർ എ.അലക്‌സാണ്ടർ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തിരഞ്ഞെടുപ്പ് നിർവഹണ പ്രവൃത്തികളിലും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്.
പ്ലാസ്റ്റിക്, പേപ്പർ, തെർമോക്കോൾ എന്നിവയിൽ നിർമ്മിച്ച എല്ലാത്തരം ഡിസ്‌പോസിബിൾ വസ്തുക്കളും ഒഴിവാക്കും. പോളിംഗ് ബൂത്തുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ജൈവമാലിന്യങ്ങളിൽ പ്രധാനമായും ഭക്ഷണാവശിഷ്ടങ്ങൾ ആണ് ഉണ്ടാകുക. ഭക്ഷണം കഴിക്കുന്നതിന് സ്റ്റീൽ, സെറാമിക് പാത്രങ്ങൾ ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥർ സ്റ്റീൽ ബോട്ടിൽ, പ്ലേറ്റ്, ഗ്ലാസ്സ് എന്നിവ കരുതണം. പ്ലാസ്റ്റിക് കുപ്പിവെളളം പരമാവധി ഒഴിവാക്കണം. സമ്മതിദായകർ ഉപയോഗിക്കുന്ന ഗ്ലൗസ് പ്രത്യേകം ബോക്‌സുകളിൽ ശേഖരിച്ച് എം.സി.എഫുകളിൽ എത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
മഞ്ഞ, ചുവപ്പ് ബാഗുകൾ
കൊവിഡ് 19 മായി ബന്ധപ്പെടുന്ന വസ്തുക്കളായ ഗ്ലൗസ്, മാസ്‌ക് എന്നിവ ഇതിനായി പ്രത്യേകം നൽകിയിട്ടുളള മഞ്ഞ, ചുവപ്പ് ബാഗുകളിൽ നിക്ഷേപിക്കണം. ഇതിൽ കത്തിച്ചുകളയാൻ പറ്റുന്ന ഗൗൺ, മാസ്‌ക്, ഹെഡ്കവർ, ഷൂ കവർ, ഏപ്രൺ എന്നിവ മഞ്ഞ ബാഗിൽ നിക്ഷേപിക്കണം.
ഗ്ലൗസ്, കൈയ്യുറ, ഗോഗിൾസ് (കണ്ണട), ഫേസ് ഷീൽഡ് തുടങ്ങിയ കത്തിച്ചുകളയാൻ പറ്റാത്തവ ചുവന്ന ബാഗിൽ നിക്ഷേപിക്കണം.
ഇമേജുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ബയോ മെഡിക്കൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പോളിംഗ് സ്റ്റേഷനുകൾ പോളിംഗ് ദിവസത്തിന് മുമ്പായി അണുവിമുക്തമാക്കും. വോട്ടെടുപ്പിന് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ ഹരിതകർമ്മസേന മുഖേന നീക്കം ചെയ്യും. ഇതിന് ഹരിതകർമ്മസേന അംഗങ്ങൾക്ക് ആവശ്യമായ പരിശീലനം അരോഗ്യവകുപ്പുമായി ചേർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകും.