ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളുടെ വീടുകളിലെത്തിയുള്ള വോട്ടെടുപ്പിൽ ജില്ലയിലെ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി 28,957 (93 ശതമാനം) പേർ വോട്ട് രേഖപ്പെടുത്തി. 27ന് ആരംഭിച്ച വോട്ടെടുപ്പ് ഏപ്രിൽ ഒന്നിനാണ് അവസാനിച്ചത്. 80 വയസ് പിന്നിട്ടവർ, വോട്ടർ പട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയവർ, കൊവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കാണ് ഇത്തരത്തിൽ വോട്ട് ചെയ്യാൻ അവസരം നൽകിയത്. വീടുകളിൽ എത്തിയുള്ള വോട്ടെടുപ്പിന്റെ ആദ്യദിനമായ മാർച്ച് 27ന് 3198 പേരാണ് ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത്. രണ്ടാം ദിനമായ 28ന് 4986 പേരും 29ന് 5842 പേരും 30ന് 6399 പേരും 31ന് 5,237 പേരും അവസാന ദിനമായ ഏപ്രിൽ ഒന്നിന് 3295 പേരുമാണ് വീടുകളിൽ ഇരുന്ന് വോട്ട് ചെയ്തത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള പോളിംഗ് ഓഫിസർ, അസിസ്റ്റന്റ് പോളിംഗ് ഉദ്യോഗസ്ഥർ, മൈക്രോ നിരീക്ഷകർ, വീഡിയോ ഗ്രാഫർ, പൊലീസ് എന്നിവർ അടങ്ങുന്ന അഞ്ചംഗ പോളിംഗ് സംഘം വീടുകളിൽ എത്തിയാണ് ഇവരുടെ വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വിവരം അറിയിച്ചിരുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായവും തപാൽ വോട്ടിംഗ് സംഘത്തിന് ലഭിച്ചു. ജില്ലയിൽ 232 സംഘങ്ങളെയാണ് തപാൽ വോട്ടെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്നത്.
വോട്ട് രേഖപ്പെടുത്തിയവർ
ഭിന്നശേഷിക്കാർ........................................................ 4643
കൊവിഡ് ബാധിതർ/ ക്വാറന്റൈനിലുള്ളവർ......... 75
80 വയസ് പിന്നിട്ടവർ....................................................... 24239