ആലപ്പുഴ: പൊതുഅവധി ദിനത്തിൽ പരമാവധി വോട്ടർമാരിലേക്ക് എത്താനുള്ള ഓട്ടത്തിലായിരുന്നു അമ്പലപ്പുഴ മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികൾ. സമ്മേളനങ്ങളും സ്വീകരണങ്ങളും വെട്ടിച്ചുരുക്കി ഭവന സന്ദർശനത്തിനും, ആരാധനാലയങ്ങളിലെ സന്ദർശനത്തിനുമായി സമയം മാറ്റിവെച്ചു. പകൽ സമയത്ത് പൊതുപരിപാടികൾ ഒഴിവാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാം വൈകുന്നേരത്തോടെ പുന്നപ്ര പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമെത്തി. സലാമിന് വോട്ടഭ്യർത്ഥിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കലാജാഥ സംഘടിപ്പിച്ചു. അമ്പലപ്പുഴ നഗരം, നാലുചിറ ഭാഗം, ആലിശേരി തൈക്കാവ് പുരയിടം എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവും അണികളും പ്രവർത്തിച്ചത്. വലിയമരം ഇർഷാദ് പള്ളിയിലെത്തിയ സ്ഥാനാർത്ഥി നിരവധി വോട്ടർമാരെ നേരിൽ കണ്ട് അനുഗ്രഹം തേടി. വൈകിട്ട് 6 മണിക്ക് കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും ആരംഭിച്ച റോഡ് ഷോ കൈതവന, മുല്ലക്കൽ, വെള്ളക്കിണർ, ആലിശേരി, സക്കറിയ ബസാർ വഴി വട്ടപ്പള്ളിയിൽ സമാപിച്ചു. വട്ടപ്പള്ളിയിൽ നടന്ന പൊതു സമ്മേളനം കെ സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 7 മണി മുതൽ പുന്നപ്ര വിയാനി പ്രദേശത്ത് വാഹനറാലിയും സ്വീകരണങ്ങളുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ പര്യടനം മുന്നേറിയത്. കഞ്ഞിപ്പാടത്തെ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. പതിയാംകുളങ്ങരയിലെ കുടുംബയോഗത്തിലും, ടൗൺകമ്മിറ്റിയുടെ സ്വീകരണ സമ്മേളനത്തിലും പങ്കെടുത്തു.